
മുംബൈ: ഇന്ത്യയില്‍ നിന്ന് ടിക് ടോക് ഇല്ലാതായതോടെ ആ സ്ഥാനം പിടിച്ചെടുക്കാന്‍ പല ഷോര്‍ട്ട് വീഡിയോ ആപ്പുകളും രംഗത്ത് എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് അമേരിക്കന്‍ ആപ്പ് ആയ ട്രില്ലര്‍. അവരുടെ പുതിയ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ വീഡിയോ പ്ലാറ്റ്‌ഫോം എന്നാണ് ട്രില്ലര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അമേരിക്കയാണ് ഇവരുടെ ആസ്ഥാനം. ഇതൊരു ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പ് ആണ്. ഇതുവരെ 120 ദശലക്ഷത്തിലധികം ഡൗണ്‍ലോഡ്സ് ഉണ്ട് ട്രില്ലറിന്.
ടിക് ടോക് ഇന്ത്യയുടെ കണ്ട്രി മാനേജറായിരുന്ന രാജ് മിശ്രയെ ട്രില്ലര്‍ നിയമിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ട്രില്ലറിന്റെ കണ്ട്രി മാനേജര്‍ ആയും ഇന്ത്യയിലെ ഓപ്പറേഷന്‍സ് തലവന്‍ ആയും ആണ് രാജ് മിശ്രയെ നിയമിച്ചിരിക്കുന്നത്. ടിക് ടോക്കിനെ ഇന്ത്യയില്‍ വന്‍ വിജയമാക്കിയതില്‍ രാജ് മിശ്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ട്രില്ലര്‍ റിലയന്‍സിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ ജിയോസാവനുമായി കരാറില്‍ എത്തുന്നത്. ഇതുവഴി ജിയോസാവന്റെ മുന്നൂറ് ദശലക്ഷം വരുന്ന ഉപയോക്താക്കളിലേക്ക് എത്താനാകും എന്നതാണ് ട്രല്ലറിന്റെ ഗുണം.
ജിയോസാവന്‍ അവരുടെ സ്ട്രീമറിന്റെ മുന്നിലും മധ്യത്തിലും ട്രില്ലര്‍ ആപ്പ് കൂടി എംബഡ് ചെയ്യും. ജിയോസാവന്‍ സ്ട്രീമര്‍ വഴി കാണുന്ന ഓരോ വീഡിയോയും സ്വയമേവ ഒരു ട്രില്ലര്‍ വീഡിയോ ആയി മാറും എന്നാണ് പറയുന്നത്. ജിയോ സാവന്‍ സ്ട്രീമറില്‍ ' മേക്ക് എ ട്രില്ലര്‍ വീഡിയോ' എന്ന ഒരു ബട്ടണ്‍ കൂടി വരും. ഇന്ത്യയില്‍ ഏറ്റവും അധികം പ്രചാരമുള്ള ഷോട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്. ഈ സ്ഥാനം പിടിച്ചടക്കാന്‍ വന്‍ മത്സരം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടിക് ടോകിനെ വിജയിപ്പിച്ച രാജ് മിശ്രയെ ട്രില്ലര്‍ രംഗത്തിറക്കിയിരിക്കുന്നതും.