ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വി ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷ

November 09, 2020 |
|
News

                  ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വി ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷ

സാന്‍ഫ്രാന്‍സിസ്‌കോ: ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയില്‍ അമേരിക്കയിലെ ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് അനുകൂലമായ കാര്യമാണെന്നാണ് വിവിധ ടെക് സൈറ്റുകള്‍ ഇപ്പോള്‍ തന്നെ അനുമാനിക്കുന്നത്. അതില്‍ പ്രധാനമായും അടുത്തക്കാലത്ത് ടെക് ഭീമന്മാര്‍ക്കെതിരെ സര്‍ക്കാര്‍ പക്ഷത്ത് നിന്നും ഉണ്ടാകുന്ന നടപടികളില്‍ ഇളവ് ലഭിക്കും എന്ന പ്രതീക്ഷയാണ് പ്രധാനമായും ഉയരുന്നത്.

ഗൂഗിളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. രണ്ട് മാസത്തിനിടെ ടെക് കമ്പനിക്കെതിരായ ഏറ്റവും വലിയ ആന്റിട്രസ്റ്റ് കേസില്‍ യുഎസ് നീതിന്യായ വകുപ്പും 11 സ്റ്റേറ്റ് അറ്റോര്‍ണി ജനറലും ഗൂഗിളിനെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ സേര്‍ച്ചിലെ വിപണി മേധാവിത്വം ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.

449 പേജുള്ള പ്രത്യേക റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്, ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ എന്നിവ കുത്തക അധികാരം ദുരുപയോഗം ചെയ്തുവെന്ന് യുഎസ് ജനപ്രതിനിധിസഭയിലെ നിയമനിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഈ കേസില്‍ എല്ലാം പെട്ട് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് സിലിക്കണ്‍ വാലി കമ്പനികള്‍. അതിന് പുറമേ ട്വിറ്ററുമായി  പ്രസിഡന്റ് ട്രംപ് നേരിട്ട് കൊമ്പുകോര്‍ത്തു. ഫേസ്ബുക്കിനും സ്ഥിതി അത്ര പന്തിയല്ല. ഈ അവസ്ഥയിലാണ് ട്രംപ് മാറി ബൈഡന്‍ പ്രസിഡന്റായും, കമല ഹാരീസ് വൈസ് പ്രസിഡന്റുമായി പുതിയ ഗവണ്‍മെന്റ് രംഗത്ത് വരാനിരിക്കുന്നത്. ഇതില്‍ കമലയില്‍ ഏറെ പ്രതീക്ഷ ടെക് കമ്പനികള്‍ വയ്ക്കുന്നുണ്ട് എന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ തട്ടകത്തില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കമല എത്തുന്നത്. അതിനാല്‍ സിലിക്കണ്‍ വാലിയിലെ വന്‍കിട കമ്പനികളെക്കുറിച്ച് വിശദമായി അറിയാം. ഓഗസ്റ്റില്‍ ബൈഡന്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം പ്രഖ്യാപിച്ചപ്പോള്‍, ഫെയ്‌സ്ബുക് സിഒഒ ഷെറിന്‍ സാന്‍ഡ്ബെര്‍ഗ് ഹാരിസിന്റെ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, 'ലോകമെമ്പാടുമുള്ള കറുത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു വലിയ നിമിഷം' എന്നായിരുന്നു അവര്‍ കുറിച്ചിട്ടത്. ഇത് ഇവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമേ സെയില്‍സ്ഫോഴ്സ് സിഇഒ മാര്‍ക്ക് ബെനിയോഫ്, എയര്‍ബണ്‍ബി സിഇഒ ബ്രയാന്‍ ചെസ്‌കി, തുടര്‍ന്ന് യാഹൂ എക്‌സിക്യൂട്ടീവ് മാരിസ മേയര്‍, ആപ്പിളിന്റെ ജോണി ഐവ് എന്നിവരാണ് ഹാരിസിന്റെ 2014 ലെ തിരഞ്ഞെടുപ്പിനായി ധനസമാഹരണത്തില്‍ സഹകരിച്ചവരാണ്. അറ്റോര്‍ണി ജനറല്‍, സെനറ്റര്‍ എന്ന നിലയില്‍ പ്രതികാര അശ്ലീലത്തിനെതിരായ പോരാട്ടത്തില്‍ ഹാരിസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതെല്ലാം ടെക് ഭീമന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇവരെക്കൊണ്ട് സാധിക്കും എന്ന പ്രതീക്ഷയാണ് സിലിക്കണ്‍ വാലിയില്‍ ഉള്ളത്. എന്നാല്‍ ബൈഡന്റെ കീഴിലുള്ള സര്‍ക്കാറിന് ജനപ്രതിനിധി സഭയില്‍ കൂടി ഭൂരിപക്ഷം കിട്ടുന്ന മുറയ്ക്ക് മാത്രമേ ഇതില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved