
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വീസകളാണ് താത്കാലികമായി നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ യുഎസില്‍ ജോലി ചെയ്യുന്നവരെ ഈ നിയന്ത്രണം ബാധിക്കില്ല. കോവിഡ് മഹാമാരിയെതുടര്‍ന്നു പതിവ് വീസ സേവനങ്ങളെല്ലാം മാസങ്ങള്‍ക്കു മുന്‍പേ യുഎസ് നിര്‍ത്തിവച്ചിരുന്നു.
ഇന്ത്യയില്‍ ഐടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്1ബി വീസ കുടിയേറ്റ ഇതര വീസയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വീസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വീസയുടെ വലിയ ഉപയോക്താക്കള്‍. അതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ വീസ സസ്‌പെന്‍ഷന്‍ പ്രതികൂലമായി ബാധിക്കും.
കോവിഡ് പടര്‍ന്നു പിടിച്ചതോടെ എച്ച്1 ബി വീസയിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. വീസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ എച്ച് 1ബി വീസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല.
എച്ച് 1 ബി വീസകളുടെ എണ്ണം കഴിഞ്ഞ 3 വര്‍ഷമായി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു യുഎസ് ഭരണകൂടം. കോവിഡെന്ന അദൃശ്യ ശത്രുവില്‍ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൊണ്ടുമാണ് യുഎസിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ താന്‍ ഒപ്പുവയ്ക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.