
ന്യൂയോര്‍ക്ക്: യുഎസ് കമ്പനികള്‍ ചൈനയില്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ചൈനയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു വെളിപ്പെടുത്തല്‍. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ആഡംബര ഹോട്ടല്‍ ശൃംഖലകള്‍ ഉള്ള ട്രംപ് 2013 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ നികുതിയായി മാത്രം ചൈനയില്‍ അടച്ചത് 1.8 ലക്ഷത്തിലധികം യുഎസ് ഡോളറാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2012ല്‍ മുതല്‍ ചൈനയിലെ ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെന്റിന്റെ അക്കൗണ്ടില്‍നിന്നാണ് നികുതി പണം നല്‍കിയത്.
ഇരുപതില്‍ അധികം വര്‍ഷത്തെ നികുതി രേഖകള്‍ വിശകലനം ചെയ്തതിനുശേഷം രാജ്യാന്തര മാധ്യമം ന്യൂയോര്‍ക്ക് ടൈംസാണ് ഏറെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത്. യുഎസ് പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷം ട്രംപ് നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ തന്നെ ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.
യുഎസില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 10 വര്‍ഷവും ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്നും ഈ കാലയളവില്‍ നികുതിയായി ആകെ അടച്ചത് വെറും 750 യുഎസ് ഡോളര്‍ മാത്രമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തിയിരുന്നു. യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ യുഎസിനെക്കാള്‍ ചൈനയ്ക്കാണു ഗുണകരമാകുകയെന്ന പ്രചാരണം അഴിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഡോണള്‍ഡ് ട്രംപിനു വളരെയധികം ക്ഷീണം ചെയ്യുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ഏഷ്യയില്‍ ബിസിനസ് സാധ്യത വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് ഷാങ്ഹായില്‍ 2012ല്‍ ഓഫിസ് തുറന്നതെന്നും ചൈനയ്ക്കു പുറമേ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്നുള്ളത് സത്യമാണെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത ശുദ്ധ അസംബദ്ധവും കളവുമാണ്. യാതൊരു വിധത്തിലുള്ള പണം ഇടപാടുകളും ചൈനീസ് അക്കൗണ്ട് വഴി ഈ കാലയളവില്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ചൈനയിലെ സാമ്പത്തിക ഇടപാടുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ട്രംപ് നേരത്തെ തന്നെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണെന്നും അഞ്ച് ചെറിയ കമ്പനികളായി 1,92,000 ഡോളര്‍ ചൈനീസ് കമ്പനികളില്‍ ട്രംപ് നിക്ഷേപിച്ചിട്ടുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.