ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്കന്‍ ധനസഹായം പിൻവലിച്ച് ട്രംപ്; കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന രൂക്ഷ വിമര്‍ശനത്തോടെ പ്രഖ്യാപനം; ചൈനയുടെ വാക്കു വിശ്വസിച്ചെന്നും ആക്ഷേപം

April 15, 2020 |
|
News

                  ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്കന്‍ ധനസഹായം പിൻവലിച്ച് ട്രംപ്; കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന രൂക്ഷ വിമര്‍ശനത്തോടെ പ്രഖ്യാപനം; ചൈനയുടെ വാക്കു വിശ്വസിച്ചെന്നും ആക്ഷേപം

ചൈനയുടെ വാക്കു വിശ്വസിച്ച് കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന രൂക്ഷ വിമര്‍ശനത്തോടെ
ലോകാരോഗ്യ സംഘടനയ്ക്കുള്ള അമേരിക്കന്‍ ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍  ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വിരുദ്ധ പോരാട്ടത്തിന് വന്‍ ആഘാതമേകുന്ന നീക്കമാണിത്.

ലോകാരോഗ്യ സംഘടനയ്ക്ക് 2018-2019ല്‍ ലഭിച്ച ധനസഹായത്തിന്റെ 14.67 ശതമാനം അമേരിക്കയുടേതായിരുന്നു.പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ 675 മില്യണ്‍ ഡോളറിന് സംഘടന മാര്‍ച്ചില്‍ നല്‍കിയ ആഭ്യര്‍ത്ഥന നിലവിലുണ്ട്. പ്രതിസന്ധിയോട് പ്രതികരിക്കുന്നത് ലോകാരോഗ്യ സംഘടന  മന്ദഗതിയിലാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം ‘ചൈന കേന്ദ്രീകൃതമാണ്” എന്നായിരുന്നു ആക്ഷേപം. ലോകാരോഗ്യസംഘടനയ്ക്ക് ‘അമേരിക്കയില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ട്. എന്നിട്ടും  യഥാസമയം വേണ്ടത് ചെയ്യുന്നില്ല -ട്രംപ് ആരോപിച്ചിരുന്നു.

കൊറോണയുടെ തുടക്കത്തില്‍ തന്നെ  ഡബ്ല്യുഎച്ച്ഒയ്ക്ക് ഒട്ടേറെ ചെയ്യാനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തന്നെ. അവര്‍ക്ക് ഇതിനെക്കുറിച്ച്  അറിയുമായിരുന്നു. തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍  അറിയാത്തതു പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇതിനെക്കുറിച്ച്  ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധന നടത്തും- ട്രംപ് അറിയിച്ചു. അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കും. ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കിക്കൊണ്ടിരുന്ന തുക ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.

2019 ഡിസംബര്‍ അവസാനം വുഹാനില്‍ വൈറസ് പടരാന്‍ തുടങ്ങിയതാണ്. എന്നാല്‍ ചൈന ജനുവരി പകുതി വരെ ഒരു നടപടിയുമെടുത്തില്ല. രോഗവ്യാപനം മറച്ചുവെക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങളെയും മാധ്യമങ്ങളെയും ചൈന വഞ്ചിക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയും അതേക്കുറിച്ച് അന്വേഷിക്കാനോ ഉത്തരവാദിത്തം നിറവേറ്റാനോ ശ്രമിച്ചില്ല. ചൈനയിലേക്ക് പ്രതിനിധികളെ അയക്കാതെ ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കുകയായിരുന്നു അവര്‍.

ലോകത്തിന് മുഴുവന്‍ ആരോഗ്യ കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സംഘടന ചൈനയുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്ന ഡമ്മി സംഘടനയായി മാറി.  ഡബ്ല്യുഎച്ച്ഒ തുടക്കം മുതല്‍ ശരിയായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ കൊറോണയെ ഉറവിടത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അതിനു പകരം അവര്‍ ചൈനയുടെ നാവാകാനാണ് ശ്രമിച്ചത്. ജനുവരിയില്‍ ലോകാരോഗ്യ സംഘടന തലവന്‍ ഉള്‍പ്പടെ ചൈനയിലെത്തിയെങ്കിലും വൈറസ് പടരുന്ന വുഹാനിലേക്ക് അവരെ പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ച് ഡബ്ല്യുഎച്ച്ഒ രോഗത്തെ നിസാരവത്കരിക്കുകയാണ് ചെയ്തത്.

ലോകാരോഗ്യസംഘടനയുടെ ഏറ്റവും വലിയ ഒറ്റത്തവണയായി യു.എസ് കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. 2018-19ല്‍ ചൈനയുടെ സംഭാവന ഏകദേശം 76 മില്യണ്‍ ഡോളര്‍ മാത്രവും.ലോകാരോഗ്യ സംഘടനയുടെ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സമയമല്ല ഇതെന്നാണ്് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവേ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

Related Articles

© 2025 Financial Views. All Rights Reserved