
വഷിങ്ടണ്‍: യുഎസ്-ചൈനാ വ്യാപാര തര്‍ക്കം വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ക്ക് ഇനി അടുത്തകാലത്തൊന്നും പരിഹാരമുണ്ടായേക്കില്ലെന്നാണ് സാമ്പത്തിക ലോകത്തെ വിദഗ്ധര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. ചൈനയുമായി യാതൊരു ഒത്തുതീര്‍പ്പനും തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് ട്രംപ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നീക്കങ്ങള്‍ നടത്തുന്നത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളോടും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ഇതിന് പുറമെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ 75 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉത്പ്പന്നങ്ങള്‍ക്ക് ചൈന അധിക തീരുവ ഈടാക്കിയതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കം. ട്രംപിന്റെ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തില്‍ കുഴപ്പങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പായി. വ്യാപാര യുദ്ധം കൂടുതല്‍ കനപ്പെട്ടാല്‍ ആഗോള രംഗം കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കും.
അതേസമയം വ്യാപരയുദ്ധം കൂടുതല്‍ ശക്തിപ്പെട്ടാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന് വലിയ പ്രതിസന്ധി ഉണ്ടായേക്കും. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള അമേരിക്കന്‍ കമ്പനികളുടെ പിന്‍മാറ്റത്തില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നുണ്ട്. ഇന്ത്യയും-യുഎസും തമ്മിലുള്ള വ്യാപാര 142 ബില്യണ്‍ ഡോളറിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് നികുതി രഹിത വ്യാപാര ബന്ധത്തിന് കൂടുതല്‍ പരിഗണനയും നല്‍കുന്നുണ്ട്. ചൈനയുടെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് അമേരിക്ക ഇന്ത്യയുടെ വ്യാപാരത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കിയുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.