
സാമ്പത്തിക മാന്ദ്യ ചരിത്രം പരിശോധിച്ചാല്‍, ലോകത്തിലെ ഏറ്റവും വലിയ മാന്ദ്യവും, മാന്ദ്യത്തില്‍ നിന്നുള്ള വേഗമേറിയ തിരിച്ചുവരവുമാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അഭിവൃദ്ധി പ്രാപിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴ് പതിറ്റാണ്ടിനിടയിലെ ദേശീയ സാമ്പത്തിക ഉല്‍പാദനം ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തു വന്നിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 ശതമാനം വര്‍ധനവ്, 1950 ല്‍ അവസാനമായി രേഖപ്പെടുത്തിയ വളര്‍ച്ചയുടെ ഇരട്ടിയാണ്. 1950 ല്‍ ഹാരി ട്രൂമാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ സാമ്പത്തിക വളര്‍ച്ച ഏകദേശം 17 ശതമാനം ഉയര്‍ന്നിരുന്നു.
നിലവിലെ ഈ വളര്‍ച്ച ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ നിരക്കിന്റെ പകുതിയോളം വളര്‍ച്ച ഫെഡറല്‍ റിസര്‍വ് പ്രവചിച്ചിരുന്നു. മിക്ക വാള്‍സ്ട്രീറ്റ് സാമ്പത്തിക പ്രവചകരും 20 ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. സെപ്റ്റംബറില്‍ തൊഴിലില്ലായ്മ എട്ട് ശതമാനത്തില്‍ താഴെയാക്കിയിരുന്നു. ഫെഡറല്‍ റിസര്‍വും കോണ്‍ഗ്രസ് ബജറ്റ് ഓഫീസും തൊഴിലില്ലായ്മ അതിന്റെ ഇരട്ടിയോളം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
റിയല്‍ എസ്റ്റേറ്റ് വിപണിയിലും പതിറ്റാണ്ടുകളേക്കാള്‍ വളര്‍ച്ച കാണാം. നഗരങ്ങളിലെ അടച്ചുപൂട്ടല്‍, തിരക്കേറിയ പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍, കലാപങ്ങള്‍ എന്നിവ കണക്കിലെടുത്ത് പലരും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് പുതിയ വീടുകള്‍ വാങ്ങുന്നത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡാറ്റ പ്രകാരം, മഹാമാരി ആരംഭിച്ചതിനുശേഷം ചെറുകിട ബിസിനസ്സ് ആത്മവിശ്വാസം അതിന്റെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ ഭരണകാലങ്ങളേക്കാളും ഉയര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
6 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബറാക് ഒബാമയുടെ കാലത്തേക്കാള്‍, എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ കൂടിയാണിത്. തൊഴില്‍ വീണ്ടെടുക്കല്‍ മിക്കതും ബിസിനസ്, സ്വകാര്യ മേഖലകളിലെ തൊഴിലുകള്‍ എന്നിവയിലാണ്. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം വേനല്‍ക്കാലത്ത് 80 ശതമാനത്തിലധികം ഉയര്‍ന്നു.
വീണ്ടെടുക്കല്‍ വളരെ ശക്തമായിരിക്കാനുള്ള ഒരു പ്രധാന കാരണം 2020 ന്റെ തുടക്കത്തില്‍ മഹാമാരിയ്ക്ക് മുമ്പുള്ള സമ്പദ്വ്യവസ്ഥയുടെ ആരോഗ്യമാണ്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, 6 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍, ശരാശരി കുടുംബങ്ങളിലുള്ള ഉയര്‍ന്ന വരുമാന നിലവാരം എന്നിവയാണ് ട്രംപ് ഭരണകാലത്തെ പ്രധാന നേട്ടങ്ങള്‍. കൊറോണ വൈറസ് ഘട്ടത്തിലേക്ക് അമേരിക്ക പ്രവേശിച്ചത് പതിറ്റാണ്ടുകളിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടങ്ങളുമായിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഇല്ലിനോയിസ് തുടങ്ങിയ നീല സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങള്‍. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങളെ കൂടുതലും നയിക്കുന്നത് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരാണ്. കൂടുതല്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ ആളുകളെ ബിസിനസ്സിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍, തങ്ങള്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ വളര്‍ച്ച കൈവരിക്കാമായിരുന്നുവെന്നും റിപ്പബ്ലിക്കന്‍സ് അവകാശപ്പെടുന്നു. ന്യൂയോര്‍ക്കിലെ ആന്‍ഡ്രൂ ക്യൂമോയെപ്പോലുള്ള ചില ഗവര്‍ണര്‍മാര്‍ സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും പുതിയ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.