യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിനിടയില്‍ നിന്നും രക്ഷപെടാന്‍ അമേരിക്കന്‍ കമ്പനികള്‍; ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം

September 05, 2019 |
|
News

                  യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിനിടയില്‍ നിന്നും രക്ഷപെടാന്‍ അമേരിക്കന്‍ കമ്പനികള്‍; ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം

ന്യൂയോര്‍ക്ക്:  യുഎസ്-ചൈനാ വ്യാപാര യുദ്ധം ശക്തമായിരിക്കുന്ന വേളയിലാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുവെന്ന സൂചനകളും പുറത്ത് വരുന്നത്. ഏകദേശം 200 അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യുഎസ്-ഇന്ത്യാ സ്ട്രാറ്റജിക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് മുകേഷ് ആഗി അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുതല്‍ വ്യാപാര ബന്ധം വരെ ഊട്ടിയുറപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

ഇന്ത്യയിലേക്ക് തങ്ങളുടെ കമ്പനികള്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം തന്നെ 21 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം വരുമെന്നും കമ്പനികള്‍ സൂചിപ്പിച്ചതായി മുകേഷ് ആഗി അറിയിച്ചു.  തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മുകേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ കോണ്‍സല്‍ ജനറലായ സന്ദീപ് ചക്രവര്‍ത്തിയും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറുന്ന കമ്പനികളെ പറ്റി സൂചന പ്രകടിപ്പിക്കുകയും തമിഴ്‌നാട് ഇവര്‍ക്ക് അവസരമൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

യുഎസ്-ചൈനാ വ്യാപാര യുദ്ധം മൂലം ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികള്‍ക്ക് തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.  മറ്റ് രാജ്യങ്ങളിലേക്ക് നിക്ഷേപം നടത്തുന്നതോടെ ട്രംപ് ഏര്‍പ്പെടുത്തിയ താരിഫില്‍ നിന്നും ഇത്തരം കമ്പനികള്‍ക്ക് രക്ഷ നേടാനും സാധിക്കും.  ആപ്പിള്‍, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ കോര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെ ലക്ഷ്യമിട്ട് വ്യാപാരം നടത്താന്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 14 ന് നടന്ന യോഗത്തില്‍ നിരവധി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.

തായ്വാന്‍ ആസ്ഥാനമായ കരാര്‍ നിര്‍മ്മാതാക്കളായ പെഗട്രോണ്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ യോഗത്തില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം ഇതിനോടകം കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ചരക്കുകളുടെ ഉയര്‍ന്ന താരിഫിന് കാരണമാവുകയും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഉയര്‍ന്ന താരിഫുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടാന്‍ കമ്പനികളെ പ്രേരിപ്പിച്ചു.

Related Articles

© 2025 Financial Views. All Rights Reserved