
സമൂഹ മാധ്യമ ഭീമന്മാര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തതിന് പിന്നാലെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ കമ്പനികളുമായും മറ്റും പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാക്കി ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ട്വിറ്റര്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ കോഡ് പരസ്യവുമായി ഉപയോക്താക്കളുടെ ഇടപഴകലിന്റെ വിശദാംശങ്ങള്‍, പരസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് ട്വിറ്റര്‍ പങ്കുവെച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്റര്‍ ആപ്പ് വഴി ഉപയോക്താക്കള്‍ ശ്രദ്ധിച്ച പരസ്യങ്ങള്‍ ഏതൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് പരസ്യ കമ്പനിയ്ക്ക് നല്‍കിയത്.
എന്നാല്‍ പങ്കുവെച്ച വിവരങ്ങള്‍ ട്വിറ്ററിനുള്ളില്‍ തന്നെ തുടരുന്നുണ്ടെന്നും, അതില്‍ പാസ്വേഡുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍ മുതലായവ അടങ്ങിയിട്ടില്ലെന്നും കമ്പനി ഉറപ്പ് പറയുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗപ്പെടുത്തിയതിന് ഫെയ്‌സ്ബുക് 500 കോടി ഡോളര്‍ (ഏകദേശം 35000 കോടി രൂപ) പിഴയൊടുക്കണമെന്ന് യുഎസ് ഭരണകൂടം ഏതാനും ആഴ്ച്ച മുന്‍പ് ഉത്തരവിട്ടിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിനു ചുമത്തിയിട്ടുള്ള ഏറ്റവും വലിയ പിഴയാണിത്. ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും കേസില്‍ യുഎസ് ഭരണകൂടം ചുമത്തിയിട്ടുള്ള പിഴകളുടെ കണക്കെടുത്താലും ഇത് ഏറ്റവും ഉയര്‍ന്നവയുടെ കൂട്ടത്തിലാണെന്ന് ഉപഭോക്തൃ സംരക്ഷണത്തിനും വിപണിയിലെ അനാരോഗ്യ പ്രവണതകള്‍ തടയാനുമുള്ള യുഎസ് സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ പറഞ്ഞു.