
ന്യൂയോര്‍ക്ക്: ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത് 12 മാസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയേ മാറ്റുകയാണെങ്കില്‍ പരാഗ് അഗ്രവാളിന് ലഭിക്കുക 42 മില്യണ്‍ യുഎസ് ഡോളര്‍ (321 കോടി രൂപ). ട്വിറ്റര്‍ തലപ്പത്ത് പരാഗ് അഗ്രവാളിനെ നിലനിര്‍ത്തിയില്ലെങ്കിലാണ് ഇത് വേണ്ടി വരിക. ഗവേഷക കമ്പനിയായ ഇക്വിലാര്‍ ആണ് ഈ വിലയിരുത്തല്‍ നടത്തിയത്.
നവംബറിലാണ് ജാക്ക് ഡോര്‍സിയില്‍ നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ സിഇഒ പദവി ഏറ്റെടുത്തത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് പരാഗ് അഗ്രവാളിന്റെ നിരീക്ഷണം. ജീവനക്കാരോട് സംസാരിക്കുമ്പോഴാണ് ട്വിറ്ററിന്റെ ഭാവിയെ സംബന്ധിച്ച് പരാഗ് അഗ്രവാള്‍ വിവരിച്ചത്.
ഇടപാട് പൂര്‍ത്തിയായാല്‍ ഈ സമൂഹമാധ്യമത്തിന്റെ പോക്ക് ഏതു ദിശയിലേക്കാണെന്നു അറിയില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തെ കുറിച്ച് ഇതുവരെ ആലോചനയൊന്നുമില്ലെന്നും അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്വിറ്റര്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനായി പിന്നീടൊരു ദിവസം മസ്‌ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. 2013 മുതല്‍ പൊതു കമ്പനിയായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇതോടെ സ്വകാര്യ കമ്പനിയായി മാറുകയാണ്.