
ലോക കോടീശ്വരനും ടെസ്‌ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌കിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ 9.2 ശതമാനം ഓഹരികളുണ്ടെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന് മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്ററിലെ ഓഹരികളെക്കുറിച്ചുള്ള മസ്‌കിന്റെ വെളിപ്പെടുത്തല്‍.
റെഗുലേറ്ററി ഫയലിങ് പ്രകാരം മസ്‌കിന്റെ കൈവശം ഏകദേശം 7.34 കോടി ഓഹരികളാണുള്ളത്. ട്വിറ്റര്‍ സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സിക്ക് 2.25 ശതമാനം ഓഹരി മാത്രമാണ് ട്വിറ്ററിലുള്ളത്. റെഗുലേറ്ററി ഫയലിങ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രീമാര്‍ക്കറ്റ് ട്രേഡിങ്ങില്‍ ട്വിറ്ററിന്റെ ഓഹരി വിലകള്‍ ഏകദേശം 26 ശതമാനമാണ് ഉയര്‍ന്നത്. ട്വിറ്റര്‍ ഓഹരികളുടെ വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 2.89 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നിലവിലെ ട്വിറ്ററിലെ ഓഹരി മൂല്യം.
അതേസമയം മസ്‌ക് വാങ്ങിയിരിക്കുന്നത് 9.2 ശതമാനം നിഷ്‌ക്രിയ ഓഹരിയാണ്. ഇവിടെ, നിഷ്‌ക്രിയ ഓഹരി കൊണ്ട് അര്‍ത്ഥമാക്കുന്നത്, നിക്ഷേപകന് കമ്പനിയുടെ നടത്തിപ്പില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയില്ല എന്നതാണ്. ട്വിറ്ററില്‍ മസ്‌ക് ഒരു ദീര്‍ഘ കാല നിക്ഷേപകന്‍ ആയിരിക്കും. സോഷ്യല്‍ മീഡിയ ഭീമന്റെ ഓഹരികള്‍ അദ്ദേഹം വില്‍ക്കാനും സാധ്യത കുറവാണ്. നിലവില്‍ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരിയുടമകളില്‍ ഒരാള്‍ കൂടിയാണ് ഇലോണ്‍ മസ്‌ക്.
മാര്‍ച്ച് 14നായിരുന്നു മസ്‌ക് ട്വിറ്ററില്‍ ഭീമന്‍ തുക നിക്ഷേപം നടത്തിയത്. എന്നാല്‍, മാര്‍ച്ച് 25ന് അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വെച്ച് തന്നെ പ്ലാറ്റ്‌ഫോമിനെതിരെ രംഗത്തുവന്നത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ട്വിറ്ററിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു വോട്ടെടുപ്പും മസ്‌ക് നടത്തിയിരുന്നു.
'ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് സംഭാഷണ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്, ട്വിറ്റര്‍ ഈ തത്വം കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ കരുതുന്നുണ്ടോ..? എന്നായിരുന്നു തന്നെ പിന്തുടരുന്നവരോട് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ അഭിപ്രായം വളരെ പ്രാധാന്യമേറിയതാണെന്നും ശ്രദ്ധയോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം കുറിച്ചിരുന്നു.
മസ്‌കിന്റെ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേരായിരുന്നു. അവരില്‍ 70.4 ശതമാനം ആളുകള്‍ 'ഇല്ല' എന്ന ഉത്തരമാണ് നല്‍കിയത്. അതേസമയം തൊട്ടടുത്ത ട്വീറ്റില്‍ മസ്‌ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വേണ്ടതുണ്ടോ..? എന്നും ചോദിച്ചിരുന്നു. അതിന് താഴെ ആയിരക്കണക്കിന് പേരാണ് 'വേണമെന്ന' ആവശ്യവുമായി എത്തിയത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ടെക് ലോകത്ത് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് താഴെ ട്വിറ്റര്‍ വാങ്ങാന്‍ ചിലര്‍ ആഹ്വാനം നടത്തിയിരുന്നു.