
ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50 ശതമാനം താഴ്ന്ന് 59.93 ഡോളര്‍ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളര്‍ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്.
ഓഹരി വിലയിലെ ഇതുവരെയുള്ള നഷ്ടം 25.78 ശതമാനം. ഒറ്റദിവസം കൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളര്‍ ഇടിഞ്ഞ് 47.64 ബില്യണ്‍ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ അവസരം നല്‍കിയിട്ടും ട്വിറ്റര്‍ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവില്‍വന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്ററിന് സര്‍ക്കാര്‍ ഈ മാസമാദ്യം ഒരവസരം കൂടി നല്‍കിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ 'സേഫ് ഹാര്‍ബര്‍' പരിരക്ഷ ഇല്ലാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.