
ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ജൂലൈയില്‍ ആരംഭിക്കുമെന്ന് ഭാരത് ബോണ്ടിന്റെ മാനേജ്‌മെന്റ് ചുമതലയുള്ള ഈഡല്‍വീസ് അസറ്റ് മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് പുതിയ ഭാരത് ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ആരംഭിക്കുന്നത്. അഞ്ചു വര്‍ഷം, 11 വര്‍ഷം എന്നിങ്ങനെ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളിലൂടെ 14,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി 2025 ഏപ്രിലും 10 വര്‍ഷത്തെ ബോണ്ടിന്റേത് 2031 ഏപ്രിലും ആയിരിക്കും. പൊതുമേഖ സ്ഥാപനങ്ങളുടെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക.
2023ല്‍ അവസാനിക്കുന്ന മൂന്നു വര്‍ഷ കാലാവധിയുള്ളതും 2030-ല്‍ അവസാനിക്കുന്ന 10 വര്‍ഷ കാലാവധിയുള്ളതുമായ ആദ്യ രണ്ട് ഭാരത് ബോണ്ട് ഇടിഎഫുകള്‍ ആരംഭിച്ച് ആറുമാസത്തിന് ശേഷമാണ് പുതിയ ഇടിഎഫുകളും വരുന്നത്. അതായത് കഴിഞ്ഞ ജനുവരിയിലാണ് ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ ഒന്നാം പതിപ്പ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 7,000 കോടി രൂപ നേടുകയായിരുന്നു ലക്ഷ്യമെങ്കിലും 12,000 കോടി രൂപ ലഭിച്ചു. ആദ്യഘട്ടത്തില്‍ ഇടിഎഫ് പുറത്തിറക്കിയപ്പോള്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാല്യൂ റിസേര്‍ച്ച് നല്‍കുന്ന ഡാറ്റ അനുസരിച്ച്, ആരംഭിച്ച തീയതി മുതല്‍ 2020 ജൂണ്‍ 30 വരെ രണ്ട് ഇടിഎഫുകളും യഥാക്രമം 6.84%, 8.6% വരുമാനം നല്‍കിയിട്ടുണ്ട്.
സ്റ്റോക്ക്, ബോണ്ട്, കമോഡിറ്റി തുടങ്ങിയ ആസ്തികളില്‍ നിക്ഷേപം നടത്തുന്ന ധനകാര്യ ഉപകരണമാണ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്). പൊതുമേഖ സ്ഥാപനങ്ങളുടെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ഇത് ഓഹരി പോലെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇഷ്യുവിനുശേഷം ഇടിഎഫ് യൂണിറ്റുകള്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സാധാരണ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന സുതാര്യതയാണ് ഇടിഎഫ് ഫണ്ടിനുള്ളത്.
കാലവധി പൂര്‍ത്തിയാകുമ്പോള്‍ ഉടമകള്‍ക്ക് നിക്ഷേപ തുകയും റിട്ടേണും തിരികെ ലഭിക്കും. ഇടിഎഫിന്റെ നെറ്റ് അസറ്റ് വാല്യൂ (എന്‍എവി) സമ്പദ്വ്യവസ്ഥയില്‍ നിലവിലുള്ള പലിശ നിരക്കിനെ ആശ്രയിച്ച് ചാഞ്ചാട്ടമുണ്ടാക്കും. അതിനാല്‍ നിങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറത്തുകടക്കുകയാണെങ്കില്‍ കുറഞ്ഞ വരുമാനമോ നഷ്ടമോ നേരിടേണ്ടിവരും. മാത്രമല്ല നിങ്ങള്‍ മൂന്നു വര്‍ഷത്തില്‍ താഴെ ഭാരത് ബോണ്ട് കൈവശം വയ്ക്കുകയും അതില്‍ നിന്ന് മൂലധന നേട്ടമുണ്ടാവുകയുമാണെങ്കില്‍, നിക്ഷേപകന്‍ ഏതു വരുമാന സ്ലാബിലാണോ അതില്‍ ഉള്‍പ്പെടുത്തി നികുതി നല്‍കേണ്ടി വരും. എന്നാല്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ബോണ്ട് കൈവശം വയ്ക്കുകയും മൂലധന വളര്‍ച്ചയുണ്ടാവുകയും ചെയ്താല്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.