
ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്പനികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തെ വില്‍പ്പനയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ അറിയിച്ചു. കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാല്‍, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ), ടിവിഎസ് മോട്ടോര്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയുടെ വില്‍പ്പന ജൂലൈയില്‍ 7,69,045 യൂണിറ്റായി ഉയര്‍ന്നു.
വര്‍ഷാ-വര്‍ഷ വില്‍പ്പന കഴിഞ്ഞ മാസം ഇരട്ട അക്കങ്ങളിലായരുന്നത് 4.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം, ഏപ്രില്‍ മാസം വില്‍പ്പനരഹിതമായിരുന്നു. ഇതിന് പുറകെയാണ് തുടര്‍ച്ചയായ മൂന്ന് മാസത്തെ വീണ്ടെടുക്കല്‍. ഇരുചക്ര വാഹന മേഖലയുടെ കഴിഞ്ഞ മാസത്തെ വീണ്ടെടുക്കല്‍ കണക്കുകളില്‍ നേതൃത്വം നല്‍കിയത് പ്രധാനമായും രണ്ട് കമ്പനികളാണ്.
ഹീറോ മോട്ടോകോര്‍പ്പ് 5,06,946 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് വിതരണത്തിനായി അയച്ചത്. ഇത് ജൂണ്‍ മാസത്തെക്കാള്‍ 14 ശതമാനം കൂടുതലാണ്. എന്നാല്‍, കഴിഞ വര്‍ഷത്തെ ജൂലൈ മാസത്തെ വില്‍പ്പനയെക്കാളും കുറവുമാണ്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, തുടര്‍ച്ചയായും ശക്തമായും വില്‍പ്പന വീണ്ടെടുക്കുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്. ജൂണ്‍ മാസത്തില്‍ 2,02,837 യൂണിറ്റ് വിറ്റഴിച്ച സ്ഥാനത്ത്, ജൂലൈ മാസത്തില്‍ 3,09,332 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്, അതായത് 53 ശതമാനം വര്‍ധന.
ജൂലൈയിലെ വര്‍ഷാ-വര്‍ഷ വില്‍പ്പന ഇടിവ് ജൂണ്‍ മാസത്തെ 55 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ജൂണില്‍ നേടിയ ചില്ലറ വില്‍പ്പനയുടെ വേഗത കുറയ്ക്കുകയും ജൂലൈയിലെ പ്രവര്‍ത്തന ശൃംഖലയുടെ ശതമാനം 80 ശതമാനമായി ചുരുക്കുകയും ചെയ്തെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയിലെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായ യദ്വീന്ദര്‍ സിംഗ് ഗുലേറിയ വ്യക്തമാക്കി. മറ്റു പ്രമുഖ ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ടിവിഎസും റോയല്‍ എന്‍ഫീല്‍ഡും കഴിഞ്ഞ മാസം വില്‍പ്പന വീണ്ടെടുക്കുന്നതിന് സാക്ഷിയായി. ജൂണ്‍ മാസത്തെ അപേക്ഷിച്ച് വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ നേരിയ ഇടിവ് മാത്രമാണ് ഇരുകമ്പനികളും രേഖപ്പെടുത്തിയത്.