
ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലും രാജ്യം സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകള്‍ നല്‍കിതായും 2021ലും 2022ലും യഥാക്രമം 2.5 ശതമാനം, 3.5 ശതമാനം വീതം ജിഡിപി വളര്‍ച്ച രാജ്യത്തുണ്ടാകുമെന്നും കേന്ദ്രബാങ്ക് പ്രവചിച്ചു. എണ്ണ-ഇതര മേഖലയിലെ ജിഡിപി വളര്‍ച്ച 2021ലും 2022ലും യഥാക്രമം 3.6 ശതമാനം, 3.9 ശതമാനം വീതമായിരിക്കുമെന്നും ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതം മൂലമുള്ള അനിശ്ചിതത്വങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ വളര്‍ച്ചാ നിഗമനങ്ങളില്‍ മാറ്റമുണ്ടാകാമെന്നും 2020 നാലാംപാദത്തിലെ സാമ്പത്തിക വളര്‍ച്ച അവലോകന റിപ്പോര്‍ട്ടില്‍ സിബിയുഎഇ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ 5.8 ശതമാനം തിരിച്ചടി നേരിട്ടതായാണ് ബാങ്ക് കണക്ക്കൂട്ടുന്നത്. എണ്ണ-ഇതര ജിഡിപിയില്‍ 5.7 ശതമാനം തകര്‍ച്ചയുണ്ടായി.
ധനകാര്യ ചിലവിടലിലെ വര്‍ധനയും വായ്പ, തൊഴില്‍ വിപണികളിലെ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ആപേക്ഷികമായ സന്തുലിതാവസ്ഥയും എണ്ണ-ഇതര ജിഡിപി വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് സിബിയുഎഇയുടെ കണക്ക് കൂട്ടല്‍. വീണ്ടെടുപ്പ് സംബന്ധിച്ച ആത്മവിശ്വാസവും 2021ലെ ദുബായ് എക്സ്പോ സംബന്ധിച്ച പ്രതീക്ഷകളും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്നാണ് കരുതുന്നത്.
മൊത്തത്തിലുള്ള ജിഡിപി വര്‍ധിക്കുന്നതിനാല്‍ 2022ഓടെ യുഎഇ സമ്പദ് വ്യവസ്ഥയുടെ പൂര്‍ണമായ തിരിച്ചുവരവാണ് സിബിയുഎഇ പ്രവചിക്കുന്നത്. ചിലവിടലിലെ വര്‍ധനവ്, ബാങ്കുകളിലെ വായ്പ വളര്‍ച്ച, തൊഴില്‍ വിപണിയുടെ ശക്തമായ മുന്നേറ്റം എന്നിവ 2022ലും തുടരുമെന്ന പ്രതീക്ഷയും ബിസിനസ് വികാരം മെച്ചപ്പെട്ടതും ദുബായ് എക്സ്പോയുമായി ബന്ധപ്പെട്ട പ്രതീക്ഷകളും പൂര്‍ണമായ സാമ്പത്തിക വീണ്ടെടുപ്പിന് യുഎഇയെ സഹായിക്കുമെന്നാണ് സിബിയുഎഇ കരുതുന്നത്. മാത്രമല്ല. 2020ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മേഖലയിലെ പ്രധാന ടൂറിസം, വ്യാപാര, യാത്രാ ഹബ്ബായ യുഎഇക്ക് ഗുണം ചെയ്യുമെന്നും സിബിയുഎഇ പ്രതീക്ഷിക്കുന്നുണ്ട്.
ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുകയും യാത്രാനിരോധനങ്ങള്‍ നീക്കുകയും വാക്സിന്‍ വിതരണം ആരംഭിക്കുകയും ചെയ്തതോടെ 2020 നാലാംപാദത്തില്‍ എണ്ണ-ഇതര മേഖലകള്‍ സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ടതായി സിബിയുഎഇ നിരീക്ഷിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും 2019 നാലാംപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ യുഎഇയുടെ പിഎംഐയില്‍ (പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ്)-0.9 ഇടിവ് മാത്രമാണ് ഉണ്ടായത്. ഡിസംബറോടെ പിഎംഐ വളര്‍ച്ചയെ സൂചിപ്പിക്കുന്ന 51.2ലേക്ക് ഉയര്‍ന്നു. ദുബായ് എക്സ്പോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ ആത്മവിശ്വാസത്തിന്റെ തെളിവാണിതെന്ന് സിബിയുഎഇ പറയുന്നു. അടുത്ത രണ്ട് വര്‍ഷവും അതിന് ശേഷവും യുഎഇ സമ്പദ് വ്യവസ്ഥയില്‍ സ്ഥിരതയുള്ള സാമ്പത്തിക വീണ്ടെടുപ്പ് തുടരുമെന്ന സൂചനയാണ് പ്രധാന സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കണക്കുകള്‍ നല്‍കുന്നതെന്നും കേന്ദ്രബാങ്ക് കൂട്ടിച്ചേര്‍ത്തു.