യുഎഇ എക്സ്ചേഞ്ച് ബഹ്റൈന്‍ ആസ്ഥാനമായ ബിഎഫ്സി ഗ്രൂപ്പുമായി ലയിച്ചേക്കും

February 25, 2021 |
|
News

                  യുഎഇ എക്സ്ചേഞ്ച് ബഹ്റൈന്‍ ആസ്ഥാനമായ ബിഎഫ്സി ഗ്രൂപ്പുമായി ലയിച്ചേക്കും

അബുദാബി: യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍ പദ്ധതിയിടുന്ന കണ്‍സോര്‍ഷ്യം ബഹ്റൈന്‍ ആസ്ഥാനമായ ബിഎഫ്സി ഗ്രൂപ്പ് ഹോള്‍ഡിംഗുമായി ലയന സാധ്യത ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി സ്ഥാപകനായ ഫിനെബ്ലറിന് കീഴിലുള്ള സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫിനെബ്ലറിന്റെ ആസ്തികള്‍ വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പ്രിസം ഗ്രൂപ്പ് എജിയും അബുദാബിയിലെ റോയല്‍ സ്ട്രാറ്റെജിക് പാര്‍ട്ണേഴ്സും കണ്‍സോര്‍ഷ്യം രൂപീകരിച്ചത്.   

യുഎഇ എക്സ്ചേഞ്ച്, യൂണിമണി, എക്സ്പ്രസ് മണി അടക്കം നിരവധി ബ്രാന്‍ഡുകള്‍ ഉള്ള, 170 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഫിനെബ്ലര്‍. ബിഎഫ്സി ഫോറെക്സ്, ബിഎഫ്സി പേയ്മെന്റ്സ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ബിഎഫ്സി ഗ്രൂപ്പിന് കീഴിലുള്ളത്. 2021 രണ്ടാംപാദത്തോടെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുമെന്നാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇടപാട് നടന്നാല്‍ മുഴുവന്‍ ജിസിസി രാജ്യങ്ങളിലും സാന്നിധ്യമുള്ള പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ റെമിറ്റന്‍സ് സേവന, കറന്‍സി എക്സ്ചേഞ്ച് ഗ്രൂപ്പായി പുതിയ കമ്പനി മാറും. അതേസമയം ഫിനെബ്ലര്‍ ആസ്തികളുടെ ഏറ്റെടുക്കല്‍ നടപടികള്‍ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. കമ്പനിയുടെ ബാധ്യതകള്‍ പുനര്‍നിശ്ചയിക്കുന്നതിനായി ഡിസംബറില്‍ കണ്‍സോര്‍ഷ്യം സ്വതന്ത്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ മൊയെലിസ് ആന്‍ഡ് കമ്പനിയെ നിയമിച്ചിരുന്നു.

പശ്ചിമേഷ്യയിലെ ധനകാര്യ സേവന രംഗം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിലാണെന്നും ഈ മേഖലയുടെ പരിവര്‍ത്തനത്തില്‍ ലയനത്തിലൂടെ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനി സുപ്രധാന പങ്ക് വഹിക്കുമെന്നും പ്രിസം ഗ്രൂപ്പ് സിഇഒ അമീര്‍ നഗമ്മി പറഞ്ഞു. വിവിധ മാര്‍ഗങ്ങളിലൂടെ ധന ഇടപാടുകള്‍ സാധ്യമാക്കുന്ന മേഖലയിലെ ആദ്യ കമ്പനിയായി മാറുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുമെന്നും 24 ദശലക്ഷത്തിലധികം ഇടപാടുകാര്‍ക്ക് കാര്യക്ഷമവും വേഗതയുള്ളതുമായ പണമിടപാട് സേവനം ലഭ്യമാക്കുമെന്നും നഗമ്മി കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍, ഇന്ത്യ, കുവൈറ്റ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചെങ്കിലേ ലയനം നടക്കുകയുള്ളു.

Related Articles

© 2025 Financial Views. All Rights Reserved