
ദുബായ്: യുഎഇയിലേക്കുള്ള എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഒഴുക്കില്‍ 2020ല്‍ 44.42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 19.88 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആണ് കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് ഒഴുകിയത്. കോവിഡ്-19 മൂലം ആഗോളതലത്തില്‍ എഫ്ഡിഐ ഒഴുക്കില്‍ 42 ശതമാനം കുറവുണ്ടാകുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടലെങ്കിലും 2019നെ അപേക്ഷിച്ച് 2020ല്‍ യുഎഇ എഫ്ഡിഐയില്‍ 44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
ഇതോടെ യുഎഇയിലെ മൊത്തത്തിലുള്ള എഫ്ഡിഐ മൂല്യം 174 ബില്യണ്‍ ഡോളറിലെത്തി. 2019നേക്കാള്‍ 12.9 ശതമനാനം അധികമാണിത്. പ്രധാനമായും എണ്ണ, വാതക മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഏറ്റവും കൂടുതല്‍ എഫ്ഡിഐ രേഖപ്പെടുത്തിയത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) നിരവധി വിദേശ കമ്പനികളുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച പങ്കാളിത്ത കരാറുകളാണ് ഇതിന് പിന്നില്‍. ഇവ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഇന്റെര്‍നെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക്ചെയിന്‍, മെഡിക്കല്‍ നോഹൗ, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ്, സെല്‍ഫ് ഡ്രൈവ് ഓട്ടോമൊബൈല്‍, പുനരുപയോഗ ഊര്‍ജം, ഇന്നവേഷന്‍, അഗ്രിടെക് അടക്കം ഡിജിറ്റല്‍ ഇക്കോണമിയും വലിയ തോതിലുള്ള എഫ്ഡിഐ ഒഴുക്കിന് വേദിയായി.
അതേസമയം, വ്യോമയാനം, ഗതാഗതം, ഖനനം, പുനരുപയോഗ ഊര്‍ജം, റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണം, ആശയവിനിമയം, എണ്ണ, വാതകം, പരമ്പരാഗത, പാരമ്പര്യേതര ഊര്‍ജം, ലോജിസ്റ്റിക്സ്, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂറിസം, ഉല്ലാസം, ബാങ്കിംഗ്, കാര്‍ഷികം തുടങ്ങി സുപ്രധാന സാമ്പത്തിക മേഖലകളിലായി 9.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം യുഎഇ മറ്റ് രാജ്യങ്ങളില്‍ നടത്തി (എഫ്ഡിഐ ഔട്ട്ഫ്ളോ).
പുരോഗമനപരമായ നടപടികളുടെ വേഗത്തിലുള്ള നടപ്പിലാക്കല്‍ മൂലം കഴിഞ്ഞ വര്‍ഷങ്ങളിലായി യുഎഇയുടെ നിക്ഷേപക അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ട് വരികയാണെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തൗക് അല്‍ മാരി പ്രതികരിച്ചു. എഫ്ഡിഐ ഒഴുക്കില്‍ പ്രാദേശികമായ ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാനും ഇത്തരം നടപടികളിലൂടെ യുഎഇക്ക് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വരുംവര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ യുഎഇയില്‍ ഉണ്ടാകുമെന്നും മുന്‍ഗണന മേഖലകളില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.