യുഎഇയില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ നല്‍കില്ല; നിയന്ത്രണം കോവിഡ് പശ്ചാത്തലത്തിലോ?

November 20, 2020 |
|
News

                  യുഎഇയില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ നല്‍കില്ല; നിയന്ത്രണം കോവിഡ് പശ്ചാത്തലത്തിലോ?

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പാക്കിസ്ഥാനില്‍ നിന്നും മറ്റ് 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. യുഎഇ അധികൃതരുടെ തീരുമാനം കൊവിഡ് -19 ന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണെന്ന് വിശ്വസിക്കുന്നതായി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പുതിയ സന്ദര്‍ശന വിസ നല്‍കുന്നത് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൌധരി പറഞ്ഞു. തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് യുഎഇ സര്‍ക്കാരിന്റെ പുതിയ വിസ നിര്‍ദേശങ്ങള്‍ ബാധിച്ച മറ്റ് രാജ്യങ്ങള്‍.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയിലാണ് ഈ നടപടി. ഇക്കാര്യത്തില്‍ യുഎഇ അധികൃതരില്‍ നിന്ന് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം തേടുമെന്ന് സാഹിദ് ഹഫീസ് ചൌധരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാനില്‍ രണ്ടായിരത്തിലധികം പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. നിയന്ത്രണം എത്ര വിഭാഗങ്ങളിലുള്ള വിസകളെ ബാധിക്കുമെന്ന് വ്യക്തമല്ല. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ വിവിധ വിസ വിഭാഗങ്ങള്‍ യുഎഇയിലുണ്ട്. ജൂണില്‍, പാകിസ്ഥാനില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ യുഎഇ എയര്‍ലൈനായ എമിറേറ്റ്‌സ് ജൂലൈ 3 വരെ പാകിസ്ഥാനില്‍ നിന്നുള്ള സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ഹോങ്കോങ്ങിലെത്തിയ 30 ഓളം പാകിസ്ഥാനികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നു.

കൊറോണ വൈറസ് പടരുന്നതുമൂലം ഓഗസ്റ്റില്‍ കുവൈറ്റില്‍ നിന്ന് പാകിസ്ഥാനിലേക്കും മറ്റ് 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം മുതല്‍ പാക്കിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, ഫൈസലാബാദ്, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കൊറോണ പോസിറ്റീവ് നിരക്ക് വര്‍ദ്ധിച്ചു വരികയാണ്.

Related Articles

© 2024 Financial Views. All Rights Reserved