
തിരുവനന്തപുരം: കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ 3 ഫുഡ് പാര്‍ക്കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ ഒന്നു കേരളത്തില്‍ വേണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ഡോ.താനി അഹമ്മദ് സമ്മതിച്ചത്. വിശദാംശങ്ങള്‍ ടെക്‌നിക്കല്‍ ടീമുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ലൈഫ് പദ്ധതിയില്‍ ദുബായ് റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മാണത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തു. പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് അറിയിച്ചു. ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനു യുഎഇ സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രിയെ അദ്ദേഹം ക്ഷണിച്ചു.