ഷെട്ടിയുടെ കടബാധ്യതകള്‍ ഒഴിവാക്കാന്‍ ഹൂലിഹന്‍ ലോക്കി; ഒരു ബില്യണ്‍ വരുന്ന കടബാധ്യതകള്‍ നികത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു; ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചതിന്റെ പേരില്‍ ഷെട്ടി നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; എംഎന്‍സി ഹെല്‍ത്തിന്റെ ഭാവിയെന്താകും?

February 22, 2020 |
|
News

                  ഷെട്ടിയുടെ കടബാധ്യതകള്‍ ഒഴിവാക്കാന്‍ ഹൂലിഹന്‍ ലോക്കി; ഒരു ബില്യണ്‍ വരുന്ന കടബാധ്യതകള്‍ നികത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു; ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചതിന്റെ പേരില്‍ ഷെട്ടി നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; എംഎന്‍സി ഹെല്‍ത്തിന്റെ ഭാവിയെന്താകും?

ദുബായ്: എന്‍എംസി ഹെല്‍ത്ത് സ്ഥാപകന്‍  ഭഗവത് രഘുറാം ഷെട്ടിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ആഢംഭര ജീവിതത്തിന്റെയുമെല്ലാം തോഴനായിരുന്നു ഷെട്ടി. എന്‍എംസി ഹെല്‍ത്തിനകത്ത് പൊട്ടിപുറപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും വ്യവസായ ലോകത്ത് ചര്‍ച്ചാവിഷയമാണ്. അതേസമയം കമ്പനിയുടെ സാമ്പത്തിക ബാധ്യത നികത്താന്‍ വേണ്ടി ഇപ്പോള്‍ പുതിയ നീക്കങ്ങളാണ് നടക്കുന്നത്.  അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഹൂലിഹന്‍ ലോക്കി ബിആര്‍എസ് വെഞ്ചേഴ്‌സിലേക്ക് വായ്പകള്‍ പുനസംഘടിപ്പിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.  വിവാദങ്ങള്‍ കെട്ടടങ്ങാത്ത പക്ഷം കമ്പനിയുടെ നീക്കം അപകടാവസ്ഥയിലേക്ക് വീണ്ടും തള്ളിവിട്ടക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.  

എന്‍എംസി ഹെല്‍ത്ത്,   ഷെട്ടി സ്ഥാപിച്ച മുപ്പതോളം വരുന്ന സ്ഥാപനങ്ങളുടെ വായ്പകള്‍ ബിആര്‍എസ്  വെഞ്ചേഴ്‌സിലേക്ക് മാറ്റും.  ഇതില്‍ ഫിന്‍ബ്ലര്‍ പിഎല്‍സി അടക്കം ഉള്‍പ്പെടും. വായ്പാ ബാദ്യതകള്‍  നികത്തുകയും,  കടബാധ്യത ഒഴിവാക്കുകയും ചെയ്യുകയെന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. 

അതേസമയം കമ്പനി ട്രാവലെക്‌സ് ഹോള്‍ഡിങ്‌സസിനെ ഏറ്റെടുക്കുമ്പോഴുണ്ടായ ഒരു ബില്യണ്‍ യുഎസ് ഡോളറോളം വരുന്ന ബാധ്യതകള്‍ നികത്തിയേക്കും.  ഈ ബാധ്യതകളെല്ലാം ബിആര്‍എസ് വെഞ്ചേഴ്‌സ് ആന്‍ഡ് ഹുലിയാനിലേക്ക് മാറ്റപ്പെടുകയും ചെയ്‌തേക്കും.  അതേസമയം എന്‍എംസിയിലെ നിക്ഷേപകരുടെ ആരോപണങ്ങള്‍ക്കൊണ്ടും, ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചതിന്റെപേരില്‍  ഷെട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.  എന്നാല്‍ ഷെട്ടിക്കെതിരെ നിയമ സ്ഥാപനമായ  ഹെര്‍ബര്‍ട്ട് സ്മിത്ത് അന്വേഷണം നടത്തിയിരുന്നു.  

ഷെട്ടിയുടെ ജീവിതം/ രാജിക്ക് പിന്നിലുള്ള കഥ 

മറ്റേതൊരു കോടീശ്വരനെയും പോലെ  ആര്‍ഭാടജീവിതത്തോട് ഇഷ്ടം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ബി ആര്‍ ഷെട്ടി. ഒരു സിനിമാ കഥ പോലെ ത്രില്ലടിപ്പിക്കുന്ന ജീവിതവും രീതികളുമായിരുന്നു ഷെട്ടിയുടേത്.കഴിഞ്ഞ ആഴ്ച്ച എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അദ്ദേഹം രാജി വച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. സ്വന്തമായി ഒരു ജെറ്റ്, വിന്റേജ് കാറുകളുടെ ശേഖരം, ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍, ഉന്നത രാഷ്ട്രീയ-സിനിമ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങള്‍ അദ്ദേഹത്തിനും അവകാശപ്പെടാനുണ്ട്.

വേഗതയുടെയും സ്വാതന്ത്രത്തിന്റെയും ത്രസിപ്പിക്കലാണ് തന്നെ കാറുകളെ പ്രേമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഇന്റര്‍വ്യൂവില്‍ ഷെട്ടി പറഞ്ഞിരുന്നു. ഷെട്ടിയ്ക്ക് ഇത്തരത്തിലുള്ള ജീവിതം നയിക്കാന്‍  ആവശ്യത്തിലധികം കാശുണ്ട്. പേപ്പറുകളില്‍ മാത്രം ചുരുങ്ങുന്ന ആസ്തികള്‍ വരെ വളരെ കൂടുതലാണ്. വിവിധ കമ്പനികളിലായുള്ള അദ്ദേഹത്തിന്റെ ഓഹരി ഏതാണ്ട് 2.4 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഈ ജീവിതത്തിനിടയിലാണ് ഷെട്ടിയുടെ ഔദ്യോഗിക രാജി വരുന്നത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടറായിരിക്കവെയാണ് ബി ആര്‍ ഷെട്ടി രാജി വച്ചത്. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി ഇറങ്ങിപ്പോയത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. 

1970 കളില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ ആരംഭിച്ച്, പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍എംസിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആര്‍എസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സില്‍ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അല്‍ മുഹെയ്രിക്കും അല്‍ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കില്‍ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്‌സ് ആന്‍ഡ് എക്സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറഞ്ഞു.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. 1970 കളില്‍ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയ വമ്പന്‍ ഇന്ത്യന്‍ സംരംഭകനാണ് സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുള്ളതാണ് ആശ്വാസം നല്‍കുന്ന കാര്യം. എങ്കിലും ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. കമ്പനിയുടെ ഭരണപരവും മറ്റുമായ ഉത്തരവാദിത്തങ്ങള്‍ എറ്റവും മികച്ച രീതിയില്‍ നടത്താന്‍ ബോര്‍ഡിനെ അനുവദിക്കുന്നതിന് വേണ്ടിയാണ് തന്റെ രാജിയെന്ന് ഷെട്ടി പ്രതികരിച്ചു.  യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് കര്‍ണാടക സ്വദേശിയായ ഈ വ്യവസായി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved