
ന്യൂഡല്‍ഹി: ഊബറിനും ഒലയ്ക്കും എതിരെ അന്വേഷണം ആരംഭിച്ചു. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് മുന്‍നിര ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കും എതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഊബര്‍ 800 കോടി രൂപയും ഒല 300 കോടി രൂപയും അടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര വകുപ്പിന്റെ കണക്ക്. രണ്ട് വ്യത്യസ്ത നികുതി രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഊബറിന് 15 ശതമാനവും ഒലയ്ക്ക് ആറ് ശതമാനവും കണക്കിലാണ് നികുതി കണക്കാക്കിയിരിക്കുന്നത്. 2015 മുതല്‍ 2017 വരെയുള്ള കാലത്തേതാണ് ഈ നികുതി. അതായത് ജിഎസ്ടി ആരംഭിക്കുന്നതിന് മുന്‍പ്. സേവന നികുതിയായാണ് ഇത് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ച കാര്യം ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കിയ തുകയ്ക്ക് മുകളില്‍ നികുതി അടച്ചിട്ടില്ലെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. റദ്ദാക്കിയ യാത്രകളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭാഗമായ ജിഎസ്ടി തുകയും അടയ്ക്കാനുണ്ടെന്നാണ് വിവരം. എന്നാല്‍ ഏജന്‍സികളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും നികുതി കൃത്യമായി അടച്ചുവരുന്നതായും ഇരു കമ്പനികളും അറിയിച്ചു.