രണ്ടാം ഘട്ട പിരിച്ചുവിടലിന് തയാറായി ഊബര്‍; 3000 പേര്‍ക്ക് ജോലി നഷ്ടമാകും

May 19, 2020 |
|
News

                  രണ്ടാം ഘട്ട പിരിച്ചുവിടലിന് തയാറായി ഊബര്‍; 3000 പേര്‍ക്ക് ജോലി നഷ്ടമാകും

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ കാരണം സര്‍വ്വീസുകളുടെ ഡിമാന്‍ഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ ഊബര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലില്‍ 3000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഊബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളും മറ്റു രാജ്യങ്ങളിലും ഗതാഗതം നിര്‍ത്തി വച്ചത് ഊബറിന് വലിയ തിരിച്ചടിയായി. ഊബറിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍നിന്നും കാനഡയില്‍ നിന്നുമാണ് ലഭിക്കുന്നത്. അവിടെ മാര്‍ച്ച് പകുതിയോടെ തന്നെ ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രിലില്‍ ആഗോളതലത്തില്‍ ട്രിപ്പുകള്‍ 80% കുറഞ്ഞുവെങ്കിലും സാവധാനം വീണ്ടെടുക്കുകയാണെന്ന് കമ്പനി അറിയിച്ചു.

അടുത്ത 12 മാസത്തിനുള്ളില്‍ കമ്പനി സിംഗപ്പൂരിലെ ഓഫീസ് നിര്‍ത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയില്‍ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പിയര്‍ 70 ലെ ഓഫീസ് ഉള്‍പ്പെടെ 45 ഓളം ഓഫീസുകളും ഊബര്‍ അടയ്ക്കും. ഭക്ഷ്യ വിതരണ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി ഗ്രബ് ഹബ് ഇങ്കുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി, നോണ്‍-കോര്‍ ഇതര പദ്ധതികളിലെ നിക്ഷേപം കുറയ്ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved