
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ ഇനി ഒരു കോടി രൂപ വരെ പിഴ ഈടാക്കിയേക്കും. വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ അധികാരം നല്‍കി. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ആകും. ഇതിനായി 2019-ല്‍ പാസാക്കിയ നിയമം പരിഷ്തരിച്ച് സര്‍ക്കാര്‍. ഐടി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് . ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. ആധാര്‍ നിയമങ്ങള്‍ ലംഘിക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രത്യേക ട്രൈബ്യൂണലുകളെ സമീപിക്കാം.
ഇന്നലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. പിഴ ഈടാക്കുന്ന തുക യുഐഡിഎഐ ഫണ്ടില്‍ നിക്ഷേപിക്കണം. പിഴ ഈടാക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാം. പരാതി പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിക്ക് സമാനമായ തസ്തികയിലെ ഉദ്യോഗസ്ഥനെയാണ് നിയമിക്കുക . 10 വര്‍ഷത്തെ സര്‍വീസ് മാനദണ്ഡം നിയമനത്തിന് ബാധകമാകും. നിയമം ലംഘിച്ചവരോട് ഇത് സംബന്ധിച്ച വിശദീകരണം തേടും. മറ്റുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ദുരുയോഗം ചെയ്യുന്നതും കുറ്റകരമാകും.
ഇന്ത്യയിലെ അംഗീകൃത തിരിച്ചറിയല്‍ രേഖയായി കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും ആധാര്‍ നല്‍കുന്നുണ്ട്. 12 അക്ക ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണിത്.യുനീക്ക് ഐഡന്റിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ചുമതല. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്.
ആധാര്‍ ദുരുപയോഗം വ്യാപകമായതോടെ ദുരുപയോഗം തടയാന്‍ ആധാര്‍ ലോക്ക് ചെയ്യാവുന്ന സംവിധാനം യുഐഡിഎഐ അവതരിപ്പിച്ചിരുന്നു. .ആധാര്‍ ലോക്കു ചെയ്യുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ 12 അക്ക ആധാര്‍ നമ്പര്‍ ലോക്കുചെയ്യാം, പകരം ആധാര്‍ ആവശ്യമുള്ളപ്പോഴൊക്കെ 16 അക്ക വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനുമാകും. ആധാര്‍ നമ്പര്‍ ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.