
ന്യൂഡല്‍ഹി: ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുന്നതിന് ഇന്ത്യ ഔദ്യോഗിക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുകെയുടെ രാജ്യാന്തര വാണിജ്യ സെക്രട്ടറി ആന്‍ മരിയ ട്രെവ്‌ലിനൊപ്പം ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ കരാര്‍ (എഫ്ടിഎ) 2023 ആദ്യം ഒപ്പിടാന്‍ ലക്ഷ്യമിട്ട് മധ്യസ്ഥര്‍ കൂടിയാലോചനകള്‍ ആരംഭിച്ചു.
തുകല്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതാകും സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ഫലമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഔഷധ മേഖലയുമായി ബന്ധപ്പെട്ട് പരസ്പര അംഗീകാര കരാറുകള്‍ക്ക് അധിക വിപണി പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. സേവന മേഖലകളില്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ജനങ്ങളുടെ സഞ്ചാരത്തിനായി പ്രത്യേക സംവിധാന സാധ്യതകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വ്യാപാര കരാറിനാണ് ഇന്ത്യയും യുകെയും ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലകളെ ബന്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ സംഭാവന നല്‍കുമെന്നും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇടക്കാല കരാറിന്റെ സാധ്യതകള്‍ ആരായുമെന്നും മന്ത്രി അറിയിച്ചു. ചൈനയുടെ നേതൃത്വത്തിലുള്ള ആര്‍സിഇപി വ്യാപാര സംഘത്തില്‍ ചേരാതെ പ്രമുഖ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണിത്.