
ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ജനുവരിയില്‍ വന്‍ പ്രതിസന്ധിയാണ് പ്രതീക്ഷിച്ചത്. കൊറോണവൈറസ് വീണ്ടും ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജിഡിപിയില്‍ 2.9 ശതമാനത്തിന്റെ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 4.9 ശതമാനത്തോളം ചുരുങ്ങുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത്. അതേസമയം വ്യാപാര മേഖലയില്‍ ബ്രെക്സിറ്റിനെ തുടര്‍ന്നുള്ള പ്രതിസന്ധി ബ്രിട്ടന്റെ സമ്പദ് ഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
യൂറോപ്പ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്. അതും ബ്രെക്സിറ്റിന് ശേഷം സംഭവിച്ച കാര്യമാണ്. 2021ലെ ആദ്യ പാദത്തില്‍ ബ്രിട്ടന്റെ സമ്പദ് ഘടന നാല് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് പക്ഷേ ലോക്ഡൗണിനെ തുടര്‍ന്ന് വ്യാപാര മേഖല പ്രതിസന്ധിയില്‍ നില്‍ക്കുന്നത് കൊണ്ടാണ്. അതിന് പുറമേ ബ്രെക്സിറ്റ് വ്യാപാര നയങ്ങളും ബ്രിട്ടന് തിരിച്ചടിയാവുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു.
പുതുയി കണക്കുകള്‍ പ്രകാരം ബ്രിട്ടന്റെ സമ്പദ് ഘടനയ്ക്ക് രണ്ട് ശതമാനത്തിന്റെ ഇടിവ് മാത്രമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂവെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതേസമയം ബ്രിട്ടീഷ് സമ്പദ് ഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ നടത്തുന്നത്. ഇംഗ്ലണ്ടിലെ വാക്സിനേഷന്‍ പൂര്‍ത്തിയാവുന്നതോടെ സമ്പദ് ഘടന ശക്തിപ്പെടുമെന്ന് ബാങ്ക് പറയുന്നു. യൂറോപ്പിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷനാണ് ബ്രിട്ടനില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യൂറോപ്പ്യന്‍ യൂണിയനിലേക്കുള്ള ഇറക്കുമതിയും അവിടെ നിന്നുള്ള കയറ്റുമതിയും വല്ലാതെ കുറഞ്ഞിരിക്കുകയാണ്. സ്വര്‍ണവും, മറ്റ് ഇരുമ്പ് അടക്കമുള്ള മെറ്റലുകളാണ് ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതില്‍ 40.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയാണെങ്കില്‍ 28.8 ശതമാനത്തോളം കുറഞ്ഞു. ബ്രിട്ടന്റെ സര്‍വീസ് സെക്ടറിനെയും കൊവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയെ വെച്ച് നോക്കുമ്പോള്‍ ബ്രിട്ടന്റെ പ്രതിസന്ധി അത്രത്തോളം രൂക്ഷമല്ലെന്നാണ് വിലയിരുത്തല്‍.