ഇലോണ്‍ മസ്‌കിനെ പിന്നിലാക്കി; 7 മിനിറ്റ് നേരം ലോക കോടീശ്വരനായി ഈ യൂട്യൂബര്‍

February 19, 2022 |
|
News

                  ഇലോണ്‍ മസ്‌കിനെ പിന്നിലാക്കി; 7 മിനിറ്റ് നേരം ലോക കോടീശ്വരനായി ഈ യൂട്യൂബര്‍

ലോക കോടീശ്വരപട്ടത്തിനായി രാജ്യാന്തര തലത്തില്‍ വമ്പന്‍മാര്‍ മത്സരിക്കുന്നത് പതിവാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും, ആമസോണ്‍ മുന്‍ സിഇഒ ജെഫ് ബെസോസും തമ്മില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം തുടങ്ങിയിട്ട് നാളുകളായി. നിലവില്‍ ഇലോണ്‍ മസ്‌കാണ് ലോകത്തിലെ അതിസമ്പന്നന്‍. എന്നാല്‍ മസ്‌കിനെയും പിന്നിലാക്കി താന്‍ ലോക കോടീശ്വരനായി എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രമുഖ യൂട്യൂബര്‍. ഏഴു മിനിറ്റ് നേരം അതിസമ്പന്ന പട്ടം കരസ്ഥമാക്കിയ കഥ യൂട്യൂബര്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്.

മസ്‌കിനെ പിന്തള്ളി ലോക കോടീശ്വരപട്ടം സ്വന്തമാക്കിയെന്ന വാദവുമായി രംഗത്തെത്തിയത് യൂട്യൂബറായ മാക്സ് ഫോഷ് ആണ്. ഏഴു മിനിറ്റു നേരം മാത്രമാണ് തനിക് നേട്ടം തുടരാനായതെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പു ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കമ്പനി അടയ്ക്കേണ്ടി വന്നെന്നും, ലോക കോടീശ്വര ഖ്യാതി ഇലോണ്‍ മസ്‌കിനു തിരികെ നല്‍കിയെന്നും മാക്സ് കൂട്ടിച്ചേര്‍ത്തു. താന്‍ എങ്ങനെയാണ് ലോക കോടീശ്വരന്‍ ആയതെന്നും, തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി കൊണ്ടുള്ള വിഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

കമ്പനീസ് ഹൗസ് എന്ന സൗകര്യത്തിനു കീഴില്‍ വെറും ചില ഫോമുകള്‍ പൂരിപ്പിച്ചാല്‍ യുകെയില്‍ ഒരു കമ്പനി തുടങ്ങാമെന്നു മാക്സ് പറയുന്നു. അങ്ങനെ 'അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ്' എന്ന പേരില്‍ മാക്സ് ഒരു കമ്പനി തുടങ്ങി. തുടര്‍ന്നു 50 പൗണ്ട് മൂല്യമുള്ള കമ്പനിയുടെ 10 ബില്യണ്‍ ഓഹരികളും പുത്തിറക്കി. അങ്ങനെ കമ്പനിയുടെ ആകെ മൂല്യം 500 ബില്യണ്‍ പൗണ്ടായി. ഇതോടെ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മാക്സിന് മുന്നില്‍ മുട്ടുമടക്കിയെന്ന് അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.

കമ്പനിയിലേക്ക് നിക്ഷേപകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മാക്സ് തെരുവിലേക്കിറങ്ങി. തന്റെ ബിസിനസ് ആശയങ്ങള്‍ ആളുകളുമായി പങ്കുവച്ചു. അവസാനം ഒരു സ്ത്രീ മാക്സിന്റെ കമ്പനി ഓഹരി 50 പൗണ്ടിന് വാങ്ങിയെന്നും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയും ആയപ്പോഴേക്കും മുകളില്‍ നിന്നു കോള്‍ വന്നു. അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യണ്‍ പൗണ്ടാണെന്ന് രേഖകളിലുണ്ട്. എന്നാല്‍ വരുമാനത്തിനായുള്ള പ്രവര്‍ത്തനമൊന്നും കമ്പനി നടത്താത്തതിനാല്‍ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നുവെന്നായിരുന്നു യുകെ വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഉന്നത ഇടപെടലുകള്‍ ഉണ്ടായതോടെ മാക്സ് തന്റെ സംരംഭത്തിനു ഷട്ടറിട്ടു. അങ്ങനെ ഏഴു മിനിറ്റുകൊണ്ട് കോടിശ്വര പട്ടവും നഷ്ടമായി.

Related Articles

© 2025 Financial Views. All Rights Reserved