ആസ്തികള്‍ കണ്ടുകെട്ടും, ജീവനക്കാരെ ജയിലിലിടും: അന്താരാഷ്ട്ര കമ്പനികളെ ഭീഷണിപ്പെടുത്തി റഷ്യന്‍ ഭരണകൂടം

March 15, 2022 |
|
News

                  ആസ്തികള്‍ കണ്ടുകെട്ടും, ജീവനക്കാരെ ജയിലിലിടും: അന്താരാഷ്ട്ര കമ്പനികളെ ഭീഷണിപ്പെടുത്തി റഷ്യന്‍ ഭരണകൂടം

മോസ്‌കോ: യുക്രൈന് എതിരായ സൈനിക നീക്കത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം. സൈനിക നീക്കത്തില്‍ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊക്കക്കോള, ഐബിഎം, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുക്രൈനെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്പനികള്‍ റഷ്യയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക നാള്‍ക്കുനാള്‍ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുടെ സ്വരത്തില്‍ തന്നെ പുടിന്‍ ഭരണകൂടം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved