
ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള അള്‍ട്രാടെക് സിമന്റ് ഡിസംബര്‍ പാദത്തില്‍ രണ്ടിരട്ടി കുതിച്ചുച്ചാട്ടം നടത്തി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1,584.58 കോടി രൂപ അറ്റാദായമാണ് രാജ്യത്തെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അള്‍ട്രാടെക് സിമന്റ് കണ്ടെത്തിയത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് അറ്റാദായം 711.17 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും ഇത്തവണ കൂടി. 17.38 ശതമാനം വര്‍ധനവോടെ 12,254.12 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്പനി വരുമാനം കുറിച്ചത്. മുന്‍ കാലഘട്ടത്തില്‍ ഇത് 10,439.34 കോടി രൂപയായിരുന്നു. പോയപാദം അള്‍ട്രാടെക് സിമന്റിന്റെ മൊത്തം ചിലവുകളും വര്‍ധിച്ചു. 9,611.08 കോടി രൂപയാണ് കമ്പനിക്ക് ഡിസംബര്‍ പാദത്തില്‍ ആകെ ചിലവ്; വര്‍ധനവ് 6.29 ശതമാനം.
ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് ആള്‍ട്രാടെക് സിമന്റിന്റെ ഉത്പാദനം 14 ശതമാനത്തോളം വര്‍ധിച്ചതും കാണാം. 22.82 മില്യണ്‍ ടണ്‍ സിമന്റാണ് ഇക്കാലയളവില്‍ കമ്പനി വിപണിയിലെത്തിച്ചത്. കൊവിഡ് ഭീതിയില്‍ നിന്നും വിപണി പതിയെ വിട്ടുണര്‍ന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സജീവമായതും ഡിമാന്‍ഡ് വര്‍ധിക്കാനുള്ള കാരണങ്ങളായി അള്‍ട്രാടെക് സിമന്റ് സൂചിപ്പിച്ചു. പ്രാദേശിക, നാഗരിക മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടങ്ങിയെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് സിമന്റ് ഡിമാന്‍ കുത്തനെ ഉയര്‍ത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ നാഗരിക മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതതാളം കൈവരിക്കും. ഈ പശ്ചാത്തലം കച്ചവടം കൂട്ടുമെന്ന പ്രതീക്ഷയിലാണ് അള്‍ട്രാടെക് സിമന്റ്.
അടുത്തിടെ ഇന്ധനവില വര്‍ധിച്ചെങ്കിലും പ്രവര്‍ത്തനക്ഷമതയും കര്‍ശനമായ ചിലവുചുരുക്കല്‍ നിയന്ത്രണങ്ങളും കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിനെ സ്വാധീനിച്ചു. 26 ശതമാനമാണ് പോയപാദം അള്‍ട്രാടെക് സിമന്റ് കുറിച്ച പ്രവര്‍ത്തന മാര്‍ജിന്‍. കടബാധ്യത കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ഔദ്യോഗിക കുറിപ്പില്‍ കമ്പനി പ്രസ്താവിച്ചു. പോയപാദം 2,696 കോടി രൂപയുടെ ബാധ്യതയൊടുക്കാന്‍ അള്‍ട്രാടെക് സിമന്റിന് സാധിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഇതുവരെ 7,424 കോടി രൂപ ബാധ്യത തീര്‍ക്കാനായി കമ്പനി വിനിയോഗിച്ചു. ഡിസംബര്‍ പാദത്തില്‍ 5,477 കോടി രൂപ ക്യാപെക്സ് നിശ്ചയിക്കാന്‍ അള്‍ട്രാടെക് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 12.8 മില്യണ്‍ ടണ്‍ സിമന്റ് ഉത്പാദിപ്പിക്കാന്‍ ഈ തുക വിനിയോഗിക്കും.