ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനം; കൊറോണ ആഘാതം രൂക്ഷം

May 20, 2020 |
|
News

                  ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനം; കൊറോണ ആഘാതം രൂക്ഷം

മെയ് 17 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലേതിനേക്കാള്‍ നേരിയ വര്‍ദ്ധനവാണുള്ളതെന്നും ലോക്ഡൗണിലെ ചെറിയ ഇളവുകള്‍ ഇതുവരെ തൊഴിലില്ലായ്മാ നിരക്ക് കുറയാനിടയാക്കിയിട്ടില്ലെന്നും ഇന്ത്യന്‍ സാമ്പത്തിക നിരീക്ഷണ കേന്ദ്രമായ സിഎംഐഇ ചൂണ്ടിക്കാട്ടുന്നു.

'സ്ഥിരമായി ഉയര്‍ന്നുനില്‍ക്കുന്ന തൊഴിലില്ലായ്മാ നിരക്ക് സൂചിപ്പിക്കുന്നത് ജോലി ചെയ്യാന്‍ സന്നദ്ധരായ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ്,'  സിഎംഐഇയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംഐഇയുടെ കണക്കനുസരിച്ച്, ഗ്രാമീണ ഇന്ത്യയുടെ 23% നെ അപേക്ഷിച്ച് നഗര ഇന്ത്യയില്‍ 27% ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുണ്ട്.

വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്താനുള്ള നടപടികളുടെ കുറവും ലോക്ഡൗണിന്റെ വിപുലീകരണവും മൂലം  സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് വളരെയധികം വൈകുമെന്ന് സിഎംഐഇയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 11,000-12,000 പേരുമായി ഫോണിലൂടെ അഭിമുഖം നടത്തിയുള്ളതായിരുന്നു സര്‍വേ. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കുന്നത് വളരെ സങ്കീര്‍ണമാകുമെന്ന് സിഎംഇഇ അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞ ശേഷമേ സമ്പദ്വ്യവസ്ഥയുടെ പുനരാരംഭം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് സര്‍വേയില്‍ ഭൂരിപക്ഷം പേരും പറഞ്ഞു. വലിയ വെല്ലുവിളിയാകും ഇത്. എംഎസ്എംഇകള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും എളുപ്പത്തില്‍ വായ്പ നല്‍കുന്നത് നല്ല നടപടിയാണെങ്കിലും അത്ഭുതകരമായ ഫലം അതു കൊണ്ടുണ്ടാകില്ലെന്ന് സിഎംഐഇ വിലയിരുത്തുന്നു.

Related Articles

© 2024 Financial Views. All Rights Reserved