ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ആഗസ്റ്റില്‍ 8.3 ശതമാനമായി

September 11, 2021 |
|
News

                  ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ആഗസ്റ്റില്‍ 8.3 ശതമാനമായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു. 2021 ആഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നതായും 19 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പറയുന്നു. ജൂലൈയില്‍ ഏഴ് ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതോടെ തൊഴില്‍ നിരക്ക് ജൂലൈയില്‍ ഉണ്ടായിരുന്ന 37.5 ശതമാനത്തില്‍ നിന്ന് 37.2 ശതമാനത്തിലേക്ക് ഇടിഞ്ഞതായും സിഎംഐഇ റിപ്പോര്‍ട്ട് വ്യക്തമാക്കി.

കൃഷിയുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് കാലംതെറ്റി വന്ന മഴയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം കാര്‍ഷിക മേഖലയില്‍ 8.7 ദശലക്ഷം തൊഴിലുകള്‍ കുറഞ്ഞു. അതേസമയം തന്നെ മറ്റ് മേഖലകളിലെ ജോലികള്‍ 6.8 ദശലക്ഷമായി ഉയരുകയാണുണ്ടായത്. ബിസിനസ് മേഖലയിലെ തൊഴില്‍ നാല് ദശലക്ഷമായി വര്‍ധിച്ചു. ചെറുകിട കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും എണ്ണം 2.1 ദശലക്ഷം കൂടി.

ശമ്പളമുള്ള ജോലിക്കാരുടെ എണ്ണത്തില്‍ 0.7 ദശലക്ഷം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയിലെ കുറവ് സര്‍വീസ് മേഖലയിലൂടെയാണ് നികത്തപ്പെട്ടത്. 8.5 ദശലക്ഷം പുതിയ തൊഴിലുകളാണ് ആഗസ്റ്റില്‍ സര്‍വീസ് മേഖലയില്‍ സൃഷ്ടിച്ചെടുത്തത്. വ്യാവസായിക മേഖലയിലും തൊഴിലില്ലായ്മയാണ്. വ്യാവസായിക മേഖലയില്‍ ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റില്‍ 2.5 ദശലക്ഷം തൊഴില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഎംഐഇയുടെ അഭിപ്രായത്തില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണുകളെ തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ ഏകദേശം 10 ദശലക്ഷം തൊഴില്‍ നഷ്ടമായി.

Related Articles

© 2024 Financial Views. All Rights Reserved