
ബാങ്ക് അക്കൗണ്ടില്‍ വലിയ തുകയുടെ നിക്ഷേപമുള്ളവര്‍ക്ക് അതിന്റെ സ്രോതസുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പ് 83.25 ശതമാനം പിഴ ചുമത്തും. തുകയുടെ 16.75 ശതമാനം മാത്രമേ നിക്ഷേപത്തില്‍ ബാക്കി കിട്ടൂ എന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണത്തില്‍ പറയുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ അനുബന്ധമായി അക്കൗണ്ടിലെ തുകയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കര്‍ശനമായേക്കും. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുകിയിരുന്നു. ഇവയെല്ലാം നിരീക്ഷിച്ച് നടപടിയെടുക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കം.
ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 69 (എ) പ്രകാരം സ്രോതസ് വ്യക്തമല്ലാത്ത പണം, സ്വര്‍ണം, ആഭരണങ്ങള്‍ ഉള്‍പ്പെടെ മറ്റ് അമൂല്യവസ്തുക്കള്‍ എന്നിവ കണ്ടെത്തിയാല്‍ 83.25 ശതമാനം ആദായ നികുതി അടയ്ക്കേണ്ടിവരും. സ്രോതസ് വിശദീകരിക്കാനാകാത്ത പണത്തിന് 60 ശതമാനം നികുതി + 25 ശതമാനം സര്‍ചാര്‍ജ് + 6 ശതമാനം പിഴ എന്നിങ്ങനെയാണ് ചുമത്തുന്നത്.
കള്ളപ്പണം വെളുപ്പിക്കാന്‍ നികുതി വെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവരെ കണ്ടെത്തി പിടികൂടുന്നതിന് ഗോള്‍ഡ് ആംനെസ്റ്റി സ്‌കീമും കേന്ദ്രം ആലോചിക്കുന്നുണ്ട്. കള്ളസ്വര്‍ണം കൈയിലുള്ളവര്‍ക്ക് സ്വയം അത് വെളിപ്പെടുത്തി, ആനുപാതിക നികുതിയും പിഴയും ഒടുക്കാനുള്ള വ്യവസ്ഥയാകും ഗോള്‍ഡ് ആംനെസ്റ്റി സ്‌കീമില്‍ ഉണ്ടാകുക. വെളിപ്പെടുത്താത്തവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ ശേഷം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
നികുതി അടയ്ക്കല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ സ്‌കാനറിലേക്ക് പുതിയ ഒരു കൂട്ടം സാമ്പത്തിക ഇടപാടുകളെ കൂടി ഇക്കുറി പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. നികുതി പിരിവ് സുതാര്യമാക്കുന്നതിനായി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറയുന്ന സംവിധാനത്തില്‍ ഇത്രയും കാലം പരിഗണിക്കപ്പെടാതിരുന്ന ഇത്തരം ഇടപാടുകളും കൂടി രേഖപ്പെടുത്തും. ഇന്‍ഷൂറന്‍സിന്റെ വാര്‍ഷിക പ്രീമിയം 50,000 രൂപ അടയ്ക്കുന്നവരും, ഡീമാറ്റ് അക്കൗണ്ടും ബാങ്ക് ലോക്കറും ഉള്ളവരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
30 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക ഇടപാട് നടത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ അര കോടിയില്‍ അധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍, വര്‍ഷം 40000 രൂപയില്‍ കൂടുതല്‍ വാടക വാങ്ങുന്നവര്‍ എന്നിവരും ഭാവിയില്‍ നിരീക്ഷണ പട്ടികയില്‍ ഇടം പിടിക്കും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന നിരക്കിലുളള ടി ഡി എസ് പിടിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു.
ഒരു വര്‍ഷം 20,000 രൂപയിലധികം ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നവര്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വര്‍ഷം ഒരു ലക്ഷം രൂപ ഫീസോ ഡൊണേഷനോ നല്‍കുന്നവര്‍, ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവര്‍, ഒരു ലക്ഷം രൂപ കുട്ടികളുടെ ഫീസ് നല്‍കുന്നവര്‍, ബിസിനസ് ക്ലാസ് വിമാന യാത്രികര്‍, 20,000 രൂപയില്‍ കൂടുതല്‍ ഹോട്ടല്‍ ബില്‍ നല്‍കിയവര്‍, മാര്‍ബിള്‍, സ്വര്‍ണം, പെയിന്റിങ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കുന്നവര്‍, കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപമുള്ളവര്‍, വര്‍ഷം 20,000 രൂപ സ്വത്ത് നികുതി അടയ്ക്കുന്നവര്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയമായി 20,000 രൂപ വര്‍ഷം അടയ്ക്കുന്നവര്‍ എന്നിവരെല്ലാം ധനമന്ത്രാലയത്തിന്റെ പുതിയ ചട്ടമനുസരിച്ച് ഈ വ്യക്തിഗത സാമ്പത്തിക ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആദായ നികുതി വകുപ്പിന്റെ ഫോം 26 എ എസില്‍ ഇങ്ങനെ നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ നികുതി ദായകന് ലഭിക്കും. നേരത്തെ വലിയ തുകയുടെ ബാങ്ക് ഇടപാടിന്റെയും ഓഹരി ഇടപാടിന്റെയും വിവരങ്ങളേ ഇങ്ങനെ ലഭ്യമായിരുന്നുള്ളൂ.