8,100 കോടി രൂപ സമാഹരിക്കാനൊരുങ്ങി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

May 27, 2022 |
|
News

                  8,100 കോടി രൂപ സമാഹരിക്കാനൊരുങ്ങി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: വിവിധ മാര്‍ഗങ്ങളിലൂടെ ഓഹരികള്‍ ഇഷ്യൂ ചെയ്ത് 8,100 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) അറിയിച്ചു. മെയ് 26 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍, മൊത്തം പരിധിയായ 8,100 കോടി രൂപയ്ക്കുള്ളില്‍, 3,800 കോടി രൂപയില്‍ അധികമാകാതെ ഓഹരി മൂലധനം സമാഹരിക്കുന്നത് അംഗീകരിച്ചതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

കൂടാതെ, മൊത്തം പരിധിയായ 8,100 കോടി രൂപയ്ക്കുള്ളില്‍, 4,300 കോടി രൂപയില്‍ അധികമാകാതെ അധിക ടയര്‍-1 അല്ലെങ്കില്‍ ടയര്‍-2 ബോണ്ടുകള്‍ സമാഹരിക്കുന്നതിനുള്ള അനുമതിയും ബാങ്കിന് ലഭിച്ചു. പൊതു ഓഹരി വില്‍പ്പന (ഫോളോ ഓണ്‍ പബ്‌ളിക് ഓഫര്‍) അല്ലെങ്കില്‍ റൈറ്റ്‌സ് ഇഷ്യൂ അല്ലെങ്കില്‍ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് ഇക്വിറ്റി ഫണ്ടുകള്‍ ശേഖരിക്കേണ്ടത്.

ബോണ്ടുകള്‍ പുറത്തിറക്കുന്നതിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുക, ഗ്രീന്‍ അല്ലെങ്കില്‍ വിദേശ കറന്‍സി കേന്ദ്രീകൃത അധിക ടയര്‍-1, ടയര്‍-2 ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ സമാഹരിക്കാം. ജൂണ്‍ 30-ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) നിര്‍ദ്ദിഷ്ട ധനസമാഹരണ പദ്ധതിക്കായി ഓഹരി ഉടമകളില്‍ നിന്ന് അനുമതി തേടുമെന്ന് യുബിഐ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved