
ന്യൂഡല്‍ഹി: 2022 ലെ കേന്ദ്ര ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം കടക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തെ ഇന്ത്യ അതിജീവിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായകമായ ബജറ്റാകും ഇത്. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോഗങ്ങള്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കും. നവംബര്‍ രണ്ടാം വാരം വരെ നീണ്ടുനില്‍ക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണിത്. 2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ച ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സര്‍ക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.