
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംമൂഴത്തിലെ നാലാമത്തെ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പാണ് അവതരണം എന്നതാണ് ബജറ്റ് 2022 ന്റെ പ്രധാന വെല്ലുവിളി.
അസാധാരണ സാഹചര്യമെന്ന വിശേഷണത്താല്‍ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ച നിര്‍മലാ സീതാരാമന് മുന്നില്‍ ഇത്തവണയുള്ളത് കഠിനമായ ലക്ഷ്യങ്ങളാണ്. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ നടക്കുന്ന മെഗാ തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. ഇവിടെ കാലിടറിയാല്‍ ഭരണതുടര്‍ച്ചയെന്ന നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടുതല്‍ പ്രയാസമേറിയതാകും. അതുകൊണ്ട് രാഷ്ട്രീയലക്ഷ്യം മുന്നില്‍ വെച്ചുള്ള ജനപ്രിയചേരുവകള്‍ ബജറ്റില്‍ വേണ്ടിവരും.
അതേസമയം പുതിയ ഇന്ത്യയെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ വേണ്ട പരിഷ്‌കരണ നടപടികളും തുടരേണ്ടിയിരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും ഗുണം പകരുന്ന സര്‍ക്കാര്‍ എന്ന് നരേന്ദ്ര മോദി പറയുന്നുണ്ടെങ്കിലും തൊഴിലില്ലായ്മയാണ് ഇപ്പോഴത്തെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. അത് പരിഹരിക്കാന്‍ ബജറ്റിലെന്തുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വിഭവസമാഹരണത്തിനായി ഓഹരി വില്‍പ്പനയും ആസ്തി പണമാക്കലുമെല്ലാം കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും പ്രതീക്ഷിച്ചപോലെ പച്ചതൊട്ടിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം ഏറെ പ്രതീക്ഷയോടെ നോക്കുന്നത് എല്‍ ഐ സിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയെയാണ്. എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന കണക്കുകൂട്ടല്‍ കേന്ദ്രത്തിനുണ്ട്. ഓഹരി വിപണി മികച്ച മുന്നേറ്റം തുടര്‍ന്നാല്‍ മാത്രമേ ഈ ലക്ഷ്യം നേടാനാവൂ. അതുകൊണ്ട് തന്നെ ഓഹരി വിപണിക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളും ഘടകങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം.
ഓഹരി വില്‍പ്പന, സ്വകാര്യവല്‍ക്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കപ്പെടുകയെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നുണ്ട്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാര്‍ഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി സ്ലാബുകളില്‍ ഇളവുകളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.