കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

February 08, 2021 |
|
News

                  കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ബജറ്റ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് കൂടുതല്‍ റോഡുകളും ഗതാഗതവുമായി ബന്ധപ്പെട്ട നിര്‍മാണങ്ങളും ഉണ്ടാവും. തീര്‍ച്ചയായും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഗുണം ചെയ്യുന്ന ബജറ്റാണ് ഇതെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ബജറ്റ് ചരിത്രപരമാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

കൊവിഡ് എത്രത്തോളം ഇന്ത്യയെ ബുദ്ധിമുട്ടിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയ്ക്കാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രാമുഖ്യം നല്‍കിയത്. ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ തുക അനുവദിച്ചു. 137 ശതമാനമാണ് തുക വര്‍ധിച്ചതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ ബജറ്റെന്ന് എല്ലാവരും പ്രത്യേകം മനസ്സിലാക്കണം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കായി 27 ലക്ഷം കോടി അനുവദിച്ചത്. ഇത് സ്വയം പര്യാപ്തത എന്ന ഇന്ത്യയുടെ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയത് 2.23 ലക്ഷം കോടിയില്‍ അധികമാണ്. ഈ ബജറ്റില്‍ 94000 കോടി രൂപയില്‍ അധികമാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയുടെ ആരോഗ്യ രംഗം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പല ആശുപത്രികളിലും കൃത്യമായ സേവനങ്ങളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. അതും കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബജറ്റ്. 64180 കോടി രൂപയാണ് ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജനയ്ക്കായി നല്‍കിയത്. ഇത് രാജ്യത്ത് പുതിയ ഐസിയു സംവിധാനങ്ങള്‍ അടക്കം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ശുദ്ധ ജലവും ശുചിത്വും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയെ അലട്ടുന്ന പോഷാഹാരക്കുറവിനെ കുറിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനായി 35000 കോടി വിലയിരുത്തിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തന്നെ വകയിരുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയതാണെന്നും പ്രസാദ് പറഞ്ഞു. ശുദ്ധജലം എന്നത് വളരെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ കാണുന്നു. ജല ജീവന്‍ മിഷന്റെ ഭാഗമായി 2.87 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. 4378 തദ്ദേശ ഭരണ മേഖലകളിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ പദ്ധതികളും ചെയ്യുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved