
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗവും ചേര്‍ന്നു. കേന്ദ്രബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് ഓഹരി വിപണിയും. വന്‍ മുന്നേറ്റമാണ് വിപണിയില്‍ ദൃശ്യമാകുന്നത്. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍. നിഫ്റ്റി 17,500ന് മുകളിലെത്തി. സെന്‍സെക്സ് 544 പോയിന്റ് ഉയര്‍ന്ന് 58,559ലും നിഫ്റ്റി 145 പോയിന്റ് നേട്ടത്തില്‍ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി.
പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി 2022ലെ കേന്ദ്ര ബജറ്റ് അവതരണത്തില്‍ സൂചിപ്പിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.