ജിഎസ്ടി നിരക്കില്‍ ഇളവ് വേണം, വാഹന സ്‌ക്രാപ്പേജ് നയം വേണം: കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യങ്ങളുമായി സിയാം

January 23, 2021 |
|
News

                  ജിഎസ്ടി നിരക്കില്‍ ഇളവ് വേണം, വാഹന സ്‌ക്രാപ്പേജ് നയം വേണം: കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യങ്ങളുമായി സിയാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതീക്ഷകളോടെയാണ് ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിനെ കാണുന്നത്. എമിഷന്‍, സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിച്ചിരുന്നു. ഇതിനൊപ്പം വലിയതോതില്‍ വില്‍പ്പനക്കണക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയതും മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജിഎസ്ടി നിരക്കില്‍ ഇളവ് ഉള്‍പ്പെടെയുളള ഒരു കൂട്ടം ആവശ്യങ്ങളാണ് വാഹന നിര്‍മാണ മേഖല കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്.

ജിഎസ്ടി നികുതി നിരക്ക് 18 ശതമാനമായി കുറയ്ക്കുക, 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിന് പ്രോത്സാഹന അധിഷ്ഠിത വാഹന സ്‌ക്രാപ്പേജ് നയം അവതരിപ്പിക്കല്‍, ഓട്ടോമൊബൈല്‍ ഭാഗങ്ങളുടെ പ്രാദേശിക ഉല്‍പ്പദന വര്‍ധന, ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനുളള നയ തീരുമാനങ്ങള്‍ എന്നിവ ഈ മേഖലയിലെ ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) കഴിഞ്ഞ വര്‍ഷം 28 ശതമാനത്തില്‍ നിന്ന് എല്ലാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഴയ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി ഒരു പ്രോത്സാഹന അധിഷ്ഠിത വാഹന സ്‌ക്രാപ്പേജ് സ്‌കീം അവതരിപ്പിക്കുമ്പോള്‍, ജിഎസ്ടിയില്‍ 50 ശതമാനം കുറവും റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവയില്‍ 50 ശതമാനം കുറവും പ്രോത്സാഹന അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കണമെന്ന് ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ കൂട്ടായ്മ ശുപാര്‍ശ ചെയ്തിരുന്നു.

രാജ്യത്തെ ബാറ്ററി നിര്‍മ്മാണം മെച്ചപ്പെടുത്താന്‍ ലിഥിയം അയണ്‍ സെല്ലുകളുടെ കസ്റ്റംസ് തീരുവയായി അഞ്ച് ശതമാനം ഈടാക്കുന്ന നടപടി നിര്‍ത്തലാക്കാണമെന്നും സിയാം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ ഒരു പ്രധാന ആകര്‍ഷണം ആദായനികുതി സ്ലാബില്‍ വരുത്തിയ മാറ്റങ്ങളാണ്, ഇത് കൂടുതല്‍ പണം ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കും. എന്നാല്‍, ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളുടെയും അനുബന്ധ കമ്പനികളുടെയും പ്രതീക്ഷകളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പരിഹരിക്കപ്പെടാതെ തുടരുന്നതായും സിയാം പറയുന്നു.

Read more topics: # സിയാം, # SIAM,

Related Articles

© 2024 Financial Views. All Rights Reserved