
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ ലോക്ക്ഡൗണിന് ശേഷം ഇന്ത്യ ബിസിനസിനായി ഇന്ന് മുതല്‍ തുറക്കുന്നു. എന്നാല്‍ മാളുകളും റീട്ടെയിലര്‍മാരും 'അണ്‍ലോക്ക്' ഘട്ടത്തിലേക്ക് കടക്കണമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്. കൊറോണ വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ആദ്യ കുറച്ച് ആഴ്ചകളില്‍ മാളിലും മറ്റും എത്തുന്നവരുടെ എണ്ണം 20-30 ശതമാനം മാത്രമേ ഉണ്ടാകൂവെന്നാണ് മാളുകള്‍ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, റെസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ബിസിനസിനെ ലാഭകരമാക്കാത്തതിനാല്‍ പല കടകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്.
കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ ആഴ്ച്ച മാളുകളും ഹോട്ടലുകളും മറ്റും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലും ഇത്തരം ബിസിനസുകള്‍ ഈ ആഴ്ച പുനരാരംഭിക്കും. ഡെവലപ്പര്‍മാരുമായി പുതിയ വാടക കരാറുകളില്‍ ഇതുവരെ എത്തിയിട്ടില്ലാത്തതിനാല്‍ മാളുകളില്‍ തങ്ങളുടെ സ്റ്റോറുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു മുന്‍നിര ഫാഷന്‍ റീട്ടെയിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഉയര്‍ന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകള്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തുറക്കുന്ന കാര്യത്തില്‍ സംശയത്തിലാണ്. റെസ്റ്റോറന്റുകള്‍ക്ക് മദ്യം വിളമ്പാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. രാത്രി 9 മണിക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാല്‍ രാത്രി ഭക്ഷണവും നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പല റെസ്റ്റോറന്റുകളും തുറക്കേണ്ടതില്ലെന്ന നിലയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം കോണ്‍ടാക്റ്റ്‌ലെസ് ഡൈന്‍-ഇന്‍ വികസിപ്പിക്കുന്ന പിസ്സ ഹട്ട് പോലുള്ളവ സേവനങ്ങള്‍ ആരംഭിക്കും. മെനുവില്‍ പ്രവേശിക്കുന്നത് മുതല്‍ പേയ്മെന്റുകള്‍ വരെ, മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായി നടത്തും. ഇരിപ്പിടങ്ങള്‍ വീണ്ടും വിന്യസിക്കുകയും ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കുന്നതിനായി ഡൈന്‍-ഇന്‍ ടേബിളുകളില്‍ തന്നെ മെനു കാര്‍ഡുകള്‍ ഘടിപ്പിക്കുകയും ചെയ്യും. വാക്ക്-ഇന്‍ ഉപഭോക്താക്കളുടെ താപനില പരിശോധന, പ്രധാന ടച്ച് പോയിന്റുകളിലെ സാനിറ്റൈസര്‍ ഉപയോഗം, റെസ്റ്റോറന്റ് ജീവനക്കാര്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുമെന്നാണ് പിസ ഹട്ട് വ്യക്തമാക്കിയിരിക്കുന്നത്.