മൂന്നാം ഘട്ട ഇളവുകള്‍: സിനിമാ തിയറ്ററുകള്‍ തുറക്കില്ല

July 30, 2020 |
|
News

                  മൂന്നാം ഘട്ട ഇളവുകള്‍: സിനിമാ തിയറ്ററുകള്‍ തുറക്കില്ല

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ മൂന്നാം ഘട്ട ഇളവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളെജുകളും മെട്രോ റെയ്ല്‍ സര്‍വീസും, സിനിമാ തിയറ്ററുകളും അടച്ചിടും. രാഷ്ട്രീയ-മത പരിപാടികള്‍ക്കായി കൂട്ടം കൂടുന്നതിനുള്ള നിരോധനം നിലനില്‍ക്കും. ജിംനേഷ്യം, യോഗ സ്ഥാപനങ്ങള്‍ എന്നിവ ഓഗസ്റ്റ് അഞ്ചു മുതല്‍ തുറക്കാം. കൂടാതെ പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ കൂടി ആരോഗ്യ മന്ത്രാലയം ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സാമൂഹ്യ അകലം പാലിച്ചു കൊണ്ട് നടത്താം. മാസ്‌ക് ധരിക്കുന്നതു പോലുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഇത്. വന്ദേഭാരത് മിഷന്റെ ഭാഗമായി പരിമിതമായ തോതില്‍ രാജ്യാന്തര വ്യോമയാത്രകള്‍ അനുവദിക്കും. സംസ്ഥാനത്തിനകത്തും അന്യസംസ്ഥാനങ്ങളിലേക്കും ആളുകള്‍ക്ക് യാത്ര ചെയ്യുന്നതിനും ചരക്ക് നീക്കം നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമില്ല. ഇ പെര്‍മിറ്റുകളോ, അനുമതികളോ ആവശ്യമില്ല. വിവാഹ ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം.

മൃതദേഹം സംസ്‌കരിക്കല്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 പേര്‍ വരെയാകാം. ഓഗസ്റ്റ് അഞ്ചു മുതല്‍ യോഗ സ്ഥാപനങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. നൈറ്റ് കര്‍ഫ്യൂ ഒഴിവാക്കി. വ്യക്തികള്‍ക്ക് രാത്രിയാത്ര നടത്തുന്നതിന് ഇനി നിരോധനമില്ല. എന്നാല്‍ മെട്രോ റെയ്ല്‍ സര്‍വീസ്, സിനിമാ തിയറ്റര്‍, നീന്തല്‍ക്കുളം, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയൊന്നും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ കായിക, വിനോദ, അക്കാദമിക്, സാംസ്‌കാരിക, മത പരിപാടികളൊന്നും നടത്താനാവില്ല. അത്തരത്തിലുള്ള വലിയ കൂടിച്ചേരലുകളൊന്നും ഓഗസ്റ്റ് 31 വരെ നടത്തരുത്

പൊതുസ്ഥലങ്ങളില്‍ മദ്യപാനം, പാന്‍, ഗുട്ക, പുകയില എന്നിവയുടെ ഉപയോഗത്തിന് കര്‍ശന നിരോധനം. 65 വയസിന് മേല്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ആരോഗ്യ സംബന്ധമായതോ മറ്റു അത്യാവശ്യങ്ങള്‍ക്കോ അല്ലാതെ പുറത്തിറങ്ങരുത്. കണ്ടോണ്‍മെന്റ് മേഖലകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. മറ്റു ഇളവുകളൊന്നും ഇവിടെ ബാധകമല്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved