സാമ്പത്തിക മേഖലയില്‍ രൂപപ്പെട്ടിട്ടുള്ളത് വലിയ സമ്മര്‍ദ്ദമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍; സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളില്‍ വലിയ തളര്‍ച്ച

August 23, 2019 |
|
News

                  സാമ്പത്തിക മേഖലയില്‍ രൂപപ്പെട്ടിട്ടുള്ളത് വലിയ സമ്മര്‍ദ്ദമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍; സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളില്‍ വലിയ തളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യം ഇന്നേവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ തന്നെ സ്ഥിരീകരണം നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ കനത്ത സമ്മര്‍ദ്ദമാണ് രൂപപ്പെട്ടിട്ടുള്ളതെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 70 വര്‍ഷത്തിനിയിടയില്‍ ഇത്രയേറെ പ്രതിസന്ധിയെ ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യം  ആരും തന്നെ പരസ്പരം മനസ്സിലാക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

പണം കൃത്യമായ രീതിയില്‍ ചിലവഴിക്കപ്പടുന്നില്ലെന്നും, നിക്ഷേപങ്ങള്‍ക്ക് വലിയ തടസ്സങ്ങളാണ് നിലവില്‍ രൂപപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയുടെ വളര്‍ച്ചാ ശേഷിക്കാവശ്യമായ വായ്പ ഇപ്പോള്‍ ലഭ്യമല്ലെന്നും, വായ്പ ആരും തന്നെ നല്‍കിന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് സ്വകാര്യ നിക്ഷേപം വര്‍ധിക്കണമെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തി. 2018-2019 സാമ്പത്തിക  വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തിലേക്കെത്തിയിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ നടപ്പുസാമ്പത്തിക വര്‍ഷവും ഭീമമായ ഇടിവുണ്ടാക്കുമെന്നാണ് റേറ്റിങ് ഏജന്‍സികള്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. 

രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ  വിവിധ മേഖലകളുടെ വളര്‍ച്ചയെ തന്നെ ബാധിച്ചിട്ടുണ്ട്. 2009-2014 സാമ്പത്തിക വര്‍ഷം പ്രാബല്യത്തില്‍ വന്ന വിവേചന രഹിത വായ്പ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയിട്ടുള്ളത്. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ധച്ചതോടെ ബാങ്കുകളുടെ വായ്പാ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

അതേസമയം നോട്ടു നിരോധനവും, ജിഎസ്ടിയുമെല്ലാം സാമ്പത്തിക  മേഖലയുടെ തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ പ്രതീക്ഷിച്ച രീതിയില്‍ വരുമാനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved