
കൊച്ചി: മ്യാന്‍മറിലെ തെരുവുകളില്‍ സൈന്യം വെടിയുതിര്‍ക്കുമ്പോള്‍ തീയാളുന്നതു ദക്ഷിണേന്ത്യയിലെ അടുക്കളകളില്‍. ഉഴുന്നുപരിപ്പിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന മ്യാന്‍മറില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിലച്ചിരിക്കുന്നു. തടസ്സം നീണ്ടുനിന്നാല്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടുള്ള വില വീണ്ടും വര്‍ധിക്കും. പാചകവാതകത്തിന്റെ വിലവര്‍ധനയ്ക്കുമേല്‍ ഇതു മറ്റൊരാഘാതമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഹോട്ടലുകള്‍ക്കും പ്രയാസമേറും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുനീക്കത്തിലുണ്ടായ താമസവും മറ്റും മൂലം ഉഴുന്നിന്റെ വില ഏതാനും മാസം മുമ്പുതന്നെ കിലോ ഗ്രാമിനു 100 രൂപയ്ക്കു മുകളിലെത്തി. മധ്യ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉല്‍പാദക സംസ്ഥാനങ്ങളിലെ വിളവെടുപ്പു മോശമായതോടെ വില പിന്നെയും വര്‍ധിച്ചുവരികയായിരുന്നു. കുറഞ്ഞതു 130 രൂപ മുതല്‍ പല വില നിലവാരത്തിലാണ് ഇപ്പോള്‍ വില്‍പന. മ്യാന്‍മര്‍ സംഘര്‍ഷം മൂലം വില ഇനിയും ഉയരുമെന്നാണ് ഇറക്കുമതി വ്യാപാരികളില്‍നിന്നുള്ള സൂചന.
വിലക്കയറ്റത്തിന്റെ പേരില്‍ ഇഡ്ഡലി, ദോശ, വട തുടങ്ങിയവയുടെ വില വര്‍ധിപ്പിക്കാനാവാത്ത ധര്‍മസങ്കടത്തിലാണു ഹോട്ടല്‍ ഉടമകള്‍. വിറ്റുവരവു പഴയ തോതിലായിട്ടില്ലെന്നിരിക്കെ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാണ് അവരുടെ ശ്രമം. ഇന്ത്യ കഴിഞ്ഞാല്‍ ഉഴുന്നിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ മ്യാന്‍മറാണ്. ഉഴുന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും മ്യാന്‍മര്‍ തന്നെ. സംഘര്‍ഷാവസ്ഥ കാരണം അവിടെ കയറ്റുമതിക്കായി ഉല്‍പന്നം തുറമുഖത്തേക്ക് എത്തുന്നില്ല. സംഘര്‍ഷം കണക്കിലെടുത്തു കപ്പലുകള്‍ മ്യാന്‍മറില്‍ അടുക്കുന്നുമില്ല.
വര്‍ഷം 30 ലക്ഷത്തിലേറെ ടണ്‍ ഉഴുന്ന് ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. കടലയും തുവരയും കഴിഞ്ഞാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉഴുന്നിനാണ്. ഇവിടത്തെ ഉല്‍പാദനമാകട്ടെ 24 ലക്ഷം ടണ്ണിലൊതുങ്ങുന്നു. അതിനാലാണു മ്യാന്‍മറിനെ ആശ്രയിക്കുന്നത്. ഇന്നലെ അവസാനിച്ച സാമ്പത്തിക വര്‍ഷം അവിടെനിന്നു ലഭിക്കേണ്ടിയിരുന്ന ചരക്കുതന്നെ പൂര്‍ണമായി എത്തിച്ചേര്‍ന്നിട്ടില്ല. 50,000 ടണ്‍ അവിടെ തുറമുഖത്തു കെട്ടിക്കിടപ്പാണ്. അതിനിടെ, ഇന്ന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മൊത്തം 4,00,000 ടണ്‍ മ്യാന്‍മറില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത വിളവെടുപ്പിനു സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. അതുവരെ ഉഴുന്നിന്റെ വിലയില്‍ കുറവിനു സാധ്യതയില്ലെന്നാണു വിപണിയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.