
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം ഉത്തര്‍പ്രദേശിലെ പത്തു നഗരങ്ങളെ മാതൃകാ വൈദ്യുത വാഹന മൊബിലിറ്റി നഗരങ്ങളാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം. 40,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതിനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2024ഓടെ സംസ്ഥാനത്ത് പത്തു ലക്ഷം വൈദ്യുത വാഹനങ്ങള്‍ ഇറക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ മുന്‍നിര വാഹന കമ്പനികളായ യമഹ മോട്ടോര്‍, ഹോണ്ട, ന്യു ഹോളണ്ട്, ടാറ്റാ എന്നിവയുടെ പ്ലാന്റുകള്‍ യുപിയിലെ നോയിഡയിലാണ് പ്രവര്‍ത്തിക്കുന്നത്.
മാത്രമല്ല വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് പുതിയതായി 50,000 തൊഴിലവസരം കൂടി സൃഷ്ടിക്കുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു. വൈദ്യുത വാഹനങ്ങളിലെ ആദ്യ 1 ലക്ഷം വില്‍പനകള്‍ക്ക് റജിസ്‌ട്രേഷന്‍ ഫീസ്, റോഡ് ടാക്‌സ് എന്നിവയില്‍ 100 ശതമാനം ഇളവ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2024ല്‍ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനൊപ്പം 200,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുവാനും 1000 ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.
വാരണാസി, ലഖ്‌നൗ, ഗോരക്പൂര്‍, ആഗ്ര, പ്രഗ്യാരാജ്, കാണ്‍പൂര്‍, മധുര, ഗാസിയാബാദ്, മീററ്റ്, നോയിഡ എന്നീ നഗരങ്ങളെയാണ് മാതൃകാ വൈദ്യുത വാഹന നഗരങ്ങളാക്കുന്നത്. 2030തോടെ 70 ശതമാനം പൊതു ഗതാഗത സംവിധാനവും വൈദ്യുത വാഹനങ്ങളാക്കാനാണ് നീക്കം. 2020ലെ പദ്ധതിയ്ക്ക് നോയിഡയാണ് പൈലറ്റ് നഗരമായി പ്രവര്‍ത്തിക്കുക. ഈ നഗരങ്ങളിലെല്ലാം 2024ഓടെ 50 ശതമാനം വാഹനങ്ങളും സ്‌കൂള്‍ ബസുകളും , ആംബുലന്‍സും, പൊതുഗതാഗത സംവിധാനവും അടക്കമുള്ള വാഹനങ്ങള്‍ വൈദ്യൂത വാഹനങ്ങളാക്കുക എന്നതാണ് സര്‍ക്കാരിന്‍രെ ലക്ഷ്യം.
നിലവില്‍ ഉത്തര്‍പ്രദേശില്‍ 15000 വൈദ്യുത വാഹനങ്ങളാണുള്ളത്. കണക്കുകള്‍ നോക്കിയാല്‍ രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ വില്‍പന നടന്നതും യുപിയിലാണ്. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 10 ശതമാനം വാഹനങ്ങളും വൈദ്യുതി വാഹനങ്ങളാണ്. 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ വൈദ്യുതി വാഹനങ്ങളുടെ വിപണി 81 ശതമാനമായാണ് വര്‍ധിച്ചത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ഓരോ സ്‌റ്റേഷനുകള്‍ക്ക് ആറ് ലക്ഷം രൂപ വരെ സര്‍ക്കാന്‍ ധനസഹായം ഉണ്ടാകുമെന്നും സൂചനകളുണ്ട്.
സംസ്ഥാനത്തെ പ്രധാന എക്‌സ്പ്രസ് ഹൈവേകളലടക്കം ഓരോ 50 കിലോമീറ്റര്‍ ദൂരത്തിനിടയിലും വലിയ ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍ ആരംഭിക്കും. ഒരേ സമയം എത്രത്തോളം വാഹനങ്ങള്‍ക്ക് ഇവിടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നതില്‍ വ്യക്തതയായിട്ടില്ല. ഇതിനൊപ്പം തന്നെ സ്വകാര്യ ഇവി പാര്‍ക്കുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.