റബ്ബര്‍ ഇറക്കുമതിക്ക് 2 വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് തോട്ടമുടമകള്‍

June 06, 2020 |
|
News

                  റബ്ബര്‍ ഇറക്കുമതിക്ക് 2 വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് തോട്ടമുടമകള്‍

രണ്ടു വര്‍ഷത്തേക്കെങ്കിലും റബ്ബര്‍ ഇറക്കുമതിക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് തോട്ടമുടമകളുടെ സംഘടനയായ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ. രാജ്യത്തെ 13 ലക്ഷം കര്‍ഷകരുടെ ജീവിത രക്ഷയ്ക്ക് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് കത്ത് നല്‍കിയെന്ന് ഉപാസി പ്രസിഡന്റ് എ.എല്‍.ആര്‍.എം. നാഗപ്പന്‍ പറഞ്ഞു.

ഇറക്കുമതി മൂലമുള്ള വിലക്കുറവ് കാരണം കഴിഞ്ഞ എട്ട് വര്‍ഷമായി റബ്ബര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ്-19 വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും മേഖലയ്ക്ക് ഇരട്ട പ്രഹരമായി.മേഖലയുടെ നിലനില്‍പ്പു തന്നെ അപകടാവസ്ഥയിലാണ്.ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് 3.4 ലക്ഷം ടണ്‍ റബര്‍ രാജ്യത്ത് സ്റ്റോക്കുണ്ട്. ആറു മാസത്തെ ആഭ്യന്തര ഉല്‍പ്പാദനത്തിനു തുല്യമാണിത്.

രണ്ടു വര്‍ഷമെങ്കിലും ഇറക്കുമതിക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് ഇറക്കുമതി നിയന്ത്രിക്കാനുള്ള സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്തുകയും വേണം. ആഭ്യന്തര വ്യവസായത്തിന് ഭീഷണിയായിട്ടുള്ളതിനാല്‍ ഇറക്കുമതിക്ക് സേഫ് ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്നും ഉപാസി പ്രസിഡന്റ്  പറഞ്ഞു.

2008-09 ല്‍ 77,762 ടണ്ണായിരുന്ന റബ്ബര്‍ ഇറക്കുമതി 2018-19 ല്‍ 5,82,351 ലക്ഷം ടണ്ണായി വര്‍ധിച്ചു.2008-09 ല്‍  ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 9 ശതമാനം മാത്രമായിരുന്നു ഇറക്കുമതി. 2018-19 ല്‍ 89.5 ശതമാനമായുയര്‍ന്നു. ഉപഭോഗത്തെ അപേക്ഷിച്ചുള്ള ഇറക്കുമതിയുടെ  ശതമാനക്കണക്കാകട്ടെ 8.9 ല്‍നിന്ന്് 48.1 ആയും വര്‍ദ്ധിച്ചു. ആഗോള തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബറിന്റെ 82.4 ശതമാനവും ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

Related Articles

© 2024 Financial Views. All Rights Reserved