
ബംഗളൂരു: സമൂഹ മാധ്യമമായ വാട്‌സാപ്പില്‍ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍എസ്ഒ എന്ന ഇസ്രായേല്‍ സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ സ്‌പൈവേര്‍ ഉപയോക്താക്കളുടെ ഫോണിലേക്ക് കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വാട്‌സാപ്പിലെ മിസ്ഡ് കോളുകളിലൂടെയാണ് സ്‌പൈവെയര്‍ കടത്തിവിടുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഉപയോക്താക്കള്‍ എത്രയും വേഗം പുതിയ വാട്‌സാപ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളെയാണ് ആക്രമണം പെട്ടെന്ന് ബാധിക്കുക എന്നാണ് സൂചന. ഉപയോക്താക്കള്‍ കരുതലോടെ നീങ്ങണമെന്നാണ് വാട്‌സാപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പുതിയ വിവാദങ്ങളോട് പ്രതികരിക്കാന്‍ എന്‍എസ്ഒ തയ്യാറായില്ലെന്നാണ് വിവരം. വാട്‌സാപ്പ് കോളുകളിലൂടെ മാത്രമാണ് സ്‌പൈവേര്‍ വാട്‌സാപ്പിലേക്ക് പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോള്‍ വിവരം പിന്നീട് അപ്രത്യക്ഷമാവുകയും മൊബൈലിലെ ചിത്രങ്ങളും, സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയെടുക്കും. ഉപയോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ഒന്നാണ് പുതിയ സ്‌പൈവേര്‍ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ പ്രമുഖ വ്യക്തിക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കമ്പനിയാണ് എന്‍എസ്ഒ എന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. അതുകൊണ്ട് എന്‍എസ്ഒയുടെ നീക്കത്തെ ജാഗ്രതയോടെയാണ് വാട്‌സാപ്പ് കാണുന്നത്.
അതേസമയം വാട്‌സാപ്പില്‍ ഇപ്പോള്‍ എത്ര പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമല്ല. സുരക്ഷാ വീഴ്ചയെ പറ്റി വാട്‌സാപ്പ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. അതീവ സുരക്ഷയുള്ള വാട്‌സാപ്പിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെടും എന്ന വാര്‍ത്ത ഉപയോക്താക്കളെ ആകെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.