
മുംബൈ: രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും പത്ത് മാസത്തിനിടെ ആദ്യമായി ഇടിഞ്ഞു. ജനുവരിയില്‍ 2302.73 ദശലക്ഷം ഇടപാടുകളിലൂടെ 431181.89 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാനത്ത് ഫെബ്രുവരിയില്‍, 2292.90 ദശലക്ഷം ഇടപാടുകളില്‍ നിന്ന് 425062.76 കോടി രൂപയാണ് കൈമാറിയത്.
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 999.57 ദശലക്ഷം ഇടപാടുകളില്‍ നിന്നായി 151140.66 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാല്‍, മുന്‍വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇത്തവണ 73 ശതമാനം വര്‍ധനവ് ഇടപാടുകളില്‍ നടന്നിട്ടുണ്ട്. മൂല്യത്തിലാകട്ടെ 91 ശതമാനമാണ് വര്‍ധന.
2020 ഫെബ്രുവരിയില്‍ 146 ധനകാര്യ സ്ഥാപനങ്ങളാണ് യുപിഐ രംഗത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 213 ആയി ഉയര്‍ന്നു. ഫെബ്രുവരി മാസത്തിലും മുന്നില്‍ ഫോണ്‍പേയാണ്. 968.72 ദശലക്ഷം ഇടപാടുകളില്‍ നിന്നായി 1.92 ലക്ഷം കോടിയാണ് ഫോണ്‍പേ വഴി ഉപഭോക്താക്കള്‍ കൈമാറിയത്. ഗൂഗിള്‍ പേ വഴി 853.53 ദശലക്ഷം ഇടപാടുകളിലൂടെ 1.77 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.