
നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ വഴി ഒക്ടോബര്‍ മാസത്തിലെ ആദ്യ 15 ദിവസങ്ങളില്‍ നൂറ് കോടി ഇടപാടുകള്‍ നടത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെയുള്ള യുപിഐ റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ട് 1.92 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നിരിക്കുന്നത്. ഒക്ടോബര്‍ 20 വരെയുള്ള കണക്കനുസരിച്ച് 128.4കോടി ഇടപാടുകള്‍ വഴി 2.41 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.
ഉത്സവ സീസണും ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രത്യേക വില്‍പ്പന കിഴിവുകളും കാരണം ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങല്‍ വര്‍ധിച്ചതാണ് ഇടപാടുകളിലെ പെട്ടെന്നുള്ള കുതിപ്പിന് കാരണം. ഈ മാസം അവസാനത്തോടെ ഈ സംഖ്യ 200 കോടിയാകുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍ പേ, പേടിഎം എന്നിവരെല്ലാം തന്നെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് ഉത്സവകാല വില്‍പ്പനയില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 180 കോടി ഇടപാടുകളില്‍ നിന്നായി 3.29 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. സെന്‍സര്‍ ടവര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, കഴിഞ്ഞ മാസത്തില്‍ മാത്രം ഗൂഗിള്‍ പേ 12 ദശലക്ഷത്തിലധികം തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. അതില്‍ തന്നെ 80 ശതമാനവും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടത് ഇന്ത്യയിലായിരുന്നു. ഇക്കാലയളവില്‍ ഫോണ്‍പേ 6.9 ദശലക്ഷം പേരും പേടിഎം 3.9 ദശലക്ഷം പേരും എസ്ബിഐ യോനോ 3.1 ദശലക്ഷം പേരും ഡൗണ്‍ ചെയ്തു.