വന്‍ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് യുപി സര്‍ക്കാര്‍; ഒരുങ്ങുന്നത് 68 വ്യവസായ യൂണിറ്റുകള്‍ക്കായി 5 ഏക്കറില്‍ 4 നിലകളിലായി 125 കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന കെട്ടിടം

September 12, 2020 |
|
News

                  വന്‍ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് യുപി സര്‍ക്കാര്‍; ഒരുങ്ങുന്നത് 68 വ്യവസായ യൂണിറ്റുകള്‍ക്കായി 5 ഏക്കറില്‍ 4 നിലകളിലായി 125 കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന കെട്ടിടം

ലഖ്‌നൗ: വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ആഗ്രയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍. അഞ്ചേക്കര്‍ പ്രദേശത്ത് നാല് നിലകളിലായി 125 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 68 വ്യവസായ യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.

കെട്ടിടങ്ങളില്‍ സ്ഥലം വ്യവസായ സംരംഭങ്ങള്‍ക്കായി പകുത്തു നല്‍കും. നിര്‍മ്മാണം, ശേഖരണം, സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാവും കെട്ടിടം പണിയുക. ആഗ്രയിലെ ഫൗണ്ട്രി നഗറിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എംഎസ്എംഇ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്നീത് സെഹ്ഗാളിനാണ് ഇതിന്റെ ചുമതല.

കെട്ടിടം നഗരപരിധിക്ക് അകത്ത് തന്നെയായതിനാല്‍ വേഗത്തില്‍ ചരക്കുനീക്കം സാധിക്കുമെന്നും കരുതുന്നു. ആഗ്ര - ലഖ്നൗ എക്‌സ്പ്രസ് വേയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇത്. ധാരാളം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. പ്രാദേശിക വ്യാവസായിക യൂണിറ്റുകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞ ശേഷമാണ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ചെരുപ്പ്, സൈക്കിള്‍, വസ്ത്ര നിര്‍മ്മാണം, ഹാന്റ്‌ലൂം, കാര്‍പെറ്റ്, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് ലാംപുകള്‍, എംബ്രോയ്ഡറി, കമ്പിളി തുണികള്‍ തുടങ്ങിയ മലിനീകരണം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഇവിടെ അവസരം ലഭിക്കുക. വന്‍കിട കമ്പനികള്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം പരമാവധി ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved