
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 900 ലക്ഷം ഡോളറിന്റെ (66.34 കോടി ഇന്ത്യന്‍ രൂപ) ആയുധ സാമഗ്രികള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ്. സി-130 ജെ ഹെര്‍കുലസ് സൈനിക ഗതാഗത വിമാനങ്ങളുടെ ഹാര്‍ഡ് വെയറുകളും സര്‍വീസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇന്ത്യക്ക് നല്‍കാനാണ് കരാര്‍. ഇന്ത്യയുമായുള്ള ആയുധ വില്‍പന വിദേശ നയത്തെയും ദേശീയ സുരക്ഷയെയും പിന്തുണക്കുന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് യുഎസ് സെക്യൂരിറ്റി കോ ഓപ്പറേഷന്‍ ഏജന്‍സിയും പ്രതിരോധ വിഭാഗവും വിലയിരുത്തി.
ഇന്തോ-പസിഫിക്, ദക്ഷിണേഷ്യ മേഖലയിലെ സുസ്ഥിര വികസനത്തിനും സമാധാനത്തിനും ഇന്ത്യ ശ്രമം തുടരുന്നുണ്ടെന്നും യുഎസ് വിലയിരുത്തി. എയര്‍ക്രാഫ്റ്റ് കണ്‍സ്യൂമബിള്‍ സ്പെയേഴ്സ്, റിപ്പയര്‍-റിട്ടേണ്‍ പാര്‍ട്ട്സ്, കാട്രിഡ്ജ് ആക്ടുവേറ്റഡ് ഡിവൈസസ്, പ്രോപ്പലന്റ് ആക്ടുവേറ്റഡ് ഡിവൈസസ്, ഫയര്‍ എക്സിറ്റിഗ്വിഷര്‍ കാട്രിഡ്ജ്സ് തുടങ്ങിയ സംവിധാനങ്ങളാണ് ഇന്ത്യ യുഎസില്‍ നിന്ന് വാങ്ങുന്നത്. സൈനിക ഗതാഗത വിമാനത്തിന്റെ സുഗമമായ ഉപയോഗത്തിന് കരാര്‍ ഗുണം ചെയ്യുമെന്ന് പെന്റഗണ്‍ അറിയിച്ചു.