
യുഎസ്-ചൈന വ്യാപാര സംഘര്‍ഷം രാജ്യത്തെ രത്ന-സ്വര്‍ണാഭരണ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകും. എതിര്‍പ്പുകള്‍ക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതോടെ ഹോങ്കോങില്‍ നിന്നുള്ള ഇറക്കുമതിക്ക് 7.5 ശതമാനം നികുതി യുഎസ് ഏര്‍പ്പെടുത്തി.
യുഎസ്-ഹോങ്കോങ് പോളിസി ആക്ട് 1992 പ്രകാരം നേരത്തെ 3.3 ശതമാനം മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇത് മുതലെടുത്ത് ചൈന വന്‍തോതില്‍ വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു. ഏഷ്യയിലെ തന്നെ വന്‍കിട രത്ന-സ്വര്‍ണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളര്‍ത്താന്‍ ഇത് സഹായിച്ചു.
ഇന്ത്യ കഴിഞ്ഞാല്‍ യുഎസിലേയ്ക്ക് വന്‍തോതില്‍ സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഫ്രാന്‍സ്, ഇറ്റലി, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍. പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യയുടെ കയറ്റുമതി വിഹിതം ഉയര്‍ത്താന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 2019ല്‍ 9.47 ബില്യണ്‍ ഡോളറിന്റെ ആഭരണങ്ങളാണ് ഇന്ത്യയും ചൈനയും ഹോങ്കോങും യുഎസിലെയ്ക്ക് കയറ്റുമതി ചെയ്തത്.