
യുഎസ്-ചൈന വ്യാപാര തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുമോ? ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഹുവായ് അടക്കമുള്ള കമ്പനികള്‍ക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധവും, ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിവിധ ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ കാര്യത്തിലുമുള്ള പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുമോ എന്നതാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ വ്യാപാര പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ വശളായത് മൂലം ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കം കൂടുതല്‍ വശളായാല്‍ ആഗോള സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഷാങ്ഹായില്‍ നടക്കുന്ന വ്യാപപാര ചര്‍ച്ചകളില്‍ ഒത്തുപ്പുണ്ടാകില്ലെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായം. 2020 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പുറത്താക്കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് വിരാമമുണ്ടാവുകയുള്ളുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപാണ് ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയില്‍ ജി.20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിംഗും, അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും കൂടിക്കാഴ്ച്ചകള്‍ നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യമായിരുന്നില്ല. ചൈന അമേരിക്കന്‍ കമ്പനികളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ഡൊനാള്‍ഡ് ട്രംപ് വിമര്‍ശനമായി പലപ്പോഴും ഉയര്‍ത്തിയത്. എന്നാല്‍ ഹോംങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപങ്ങളുടെ ആസൂത്രകന്‍ അമേരിക്കയാണെന്നാണ് ചൈന ആരോപിക്കുന്നത്. അമേരിക്ക ചൈനയോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും, വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക ഹോങ്കോങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആസൂത്രണം നല്‍കിയതെന്നും ചൈന ആരോപിക്കുന്നു.